11 കേന്ദ്രങ്ങളില്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ 11 കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരഹിതര്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തി. 2015 ഡിസംബര്‍ 31ന് മുമ്പ് മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി ഭൂമി പിടിച്ചെടുക്കല്‍സമരവുമായി രംഗത്തുവന്നത്.  
ഭൂരഹിതര്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കുമെന്ന ഉറപ്പ് പാലിക്കാത്ത സര്‍ക്കാറിന്‍െറ കൊടുംവഞ്ചനക്കെതിരെ ഭൂരഹിതരുടെ പ്രതിഷേധത്തിന്‍െറ സൂചനയാണ്  സമരമെന്നും സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തപക്ഷം ഭൂമി പിടിച്ചെടുത്ത് അന്തിമ ജീവിതസമരത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും തൃശൂരില്‍ സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. പാട്ടക്കരാര്‍ ലംഘിച്ച ഹാരിസണിന്‍െറ കൊല്ലം ജില്ലയിലെ കഴുതുരുട്ടിയിലെ ഭൂമി പിടിച്ചെടുത്ത് സമരം നടത്താനത്തെിയവരെ ഹാരിസണിന്‍െറ ഗുണ്ടകളും പൊലീസും മര്‍ദിച്ചു. മലപ്പുറത്തെ പാലത്തിങ്കല്‍ ഭൂമിയിലേക്കത്തെിയ സമരഭടന്മാര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടു.
കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവില്‍ നടന്ന സമരം ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ തെന്നിലാപുരം രാധാകൃഷ്ണനും പി.എ. അബ്ദുല്‍ ഹക്കീമും  മലപ്പുറം പരപ്പനങ്ങാടി, പാലത്തിങ്കല്‍, പത്തനംതിട്ട കൂടല്‍, പുന്നമൂട് എന്നിവിടങ്ങളിലെ സമരം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കോമളപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടിയും കൊല്ലം കഴുതുരുട്ടി ഹാരിസണ്‍ ഭൂമിയിലേക്ക് നടന്ന സമരം വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴയും ഉദ്ഘാടനം ചെയ്തു. പാലക്കാട് സംസ്ഥാന ട്രഷറര്‍ പ്രഫ.പി. ഇസ്മായിലും തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് എന്നിവിടങ്ങളില്‍ സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിന്‍കര, കെ.എ. ഷെഫീഖ് എന്നിവരും ഉദ്ഘാടനം നിര്‍വഹിച്ചു. സമരക്കാര്‍ക്കുനേരെ ചിലയിടത്ത് പൊലിസ് കൈയേറ്റമുണ്ടായി. പുനലൂരിലെ കഴുതുരുട്ടിയില്‍ ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമി പിടിച്ചെടുക്കാന്‍ എത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതിക്കാരെ പൊലീസും എസ്റ്റേറ്റ് ജീവനക്കാരും മര്‍ദിച്ചു. ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമി പിടിച്ചെടുക്കാന്‍ എത്തിയവരെ പൊലീസും എസ്റ്റേറ്റ് ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചവശരാക്കി. പൊലീസിന്‍െറ ലാത്തിച്ചാര്‍ജിലടക്കം ഗുരുതര പരിക്കേറ്റ സ്ത്രീകളടക്കം 10 സമരക്കാരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്റ്റേറ്റില്‍ കടക്കാനാവാതെവന്ന സമരക്കാര്‍ കഴുതുരുട്ടി-അച്ചന്‍കോവില്‍ റോഡില്‍ സമരം നടത്തി പിരിഞ്ഞു.
മലപ്പുറം പരപ്പനങ്ങാടി-പാലത്തിങ്ങല്‍ ന്യൂകട്ട് പ്രദേശത്തേക്കുള്ള മാര്‍ച്ചിനിടെ സ്ത്രീകളുള്‍പ്പെടെ  നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ള സമരനിര പാലത്തിന് താഴെയുള്ള തടാകത്തില്‍ ചാടി നീന്തി മറുകര പറ്റി സര്‍ക്കാര്‍ ഭൂമിയില്‍ കൊടി നാട്ടുകയും കഞ്ഞിവെക്കുകയും ചെയ്തു.
ലാത്തിചാര്‍ജില്‍ പരിക്കേറ്റ സക്കീര്‍, അബൂബക്കര്‍, മജീദ്, ജിംഷാദ് കൊടിഞ്ഞി എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി വേങ്ങര മണ്ഡലം പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദ് മാസ്റ്ററെ അടിച്ചു വീഴ്ത്തുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.