മാലിന്യ പൈപ്പ് നന്നാക്കേണ്ടെന്ന് നാട്ടുകാര്‍; ഊരാക്കുരുക്കില്‍ നിറ്റാ ജലാറ്റിന്‍ കമ്പനി

ചാലക്കുടി: കാതിക്കുടത്തെ കാരിക്കാത്തോട്ടിലെ തകര്‍ന്ന മാലിന്യപൈപ്പ് നന്നാക്കേണ്ടതില്ളെന്ന നാട്ടുകാരുടെ നിലപാട് നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് ഊരാക്കുരുക്കാവുന്നു. തോട് കാടുകുറ്റി ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥതയിലായതിനാല്‍ അവരുടെ അനുമതിയില്ലാതെ പൈപ്പ് നന്നാക്കാനാവില്ല. മാലിന്യം പുറത്തുവിടാതെ കമ്പനിക്ക് പ്രവര്‍ത്തിക്കാനുമാവില്ല. പൈപ്പ് നന്നാക്കാനോ ഉല്‍പാദനം ആരംഭിക്കാനോ കഴിയാതെ കമ്പനി വിഷമാവസ്ഥയിലാണ്. പൊട്ടിയ പൈപ്പിലൂടെ ഖരമാലിന്യം പരസ്യമായി പുറത്തുവിടുന്നത് കമ്പനിയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. മൂന്നടി വ്യാസമുള്ള പൈപ്പിലൂടെ കടുത്ത മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് തുറന്നുവിട്ടാണ് കാലങ്ങളായി കമ്പനി വന്‍ലാഭമുണ്ടാക്കുന്നത്. പൈപ്പിലൂടെ പുറത്തുവിടുന്നത് ശുദ്ധീകരിച്ച വെള്ളമാണെന്നാണ് ഇതുവരെ കമ്പനി മാനേജ്മെന്‍റ് അവകാശപ്പെട്ടിരുന്നത്. തകര്‍ന്ന പൈപ്പിലൂടെ ഖരമാലിന്യം പുറത്തുവിടുന്നത് ജനം കാണാനിടയായാല്‍ കമ്പനിയുടെ അവകാശവാദം പൊളിയും. അതുകൊണ്ട് മാലിന്യപൈപ്പ് ഉടന്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് നാട്ടുകാരെക്കാള്‍ കമ്പനിയുടെ ആവശ്യമാണ്. മാത്രമല്ല നീറിയുടെ നിരീക്ഷണത്തില്‍ നല്ലനടപ്പായാണ് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയോ കാടുകുറ്റി ഗ്രാമപഞ്ചായത്തിന്‍െറയോ അനുമതിയില്ല. കോടതിയുടെ താല്‍ക്കാലിക അനുമതിയോടെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന ഖരമാലിന്യം പുറത്തുവിടുന്നതായി തെളിഞ്ഞാല്‍ കമ്പനി പൂട്ടേണ്ട അവസ്ഥയിലത്തെും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.