ജീവനക്കാരുടെ പണിമുടക്കിന് ഡൈസ്നോണ്‍

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 12ന് പ്രഖ്യാപിച്ച പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡൈസ്നോണ്‍ പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രത്യേക സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കില്ളെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവക്ക് അവധി അനുവദിക്കും.

സമരദിവസത്തെ വേതനം ഫെബ്രുവരിയിലെ ശമ്പളത്തില്‍നിന്ന് തടഞ്ഞുവെക്കും. ഗസറ്റഡ് ഓഫിസര്‍മാര്‍ ഫെബ്രുവരിയിലെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. സമരത്തിന്‍െറ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും.

സമരമുണ്ടാവുകയാണെങ്കില്‍ രാവിലെ 10.30നുമുമ്പ് വകുപ്പ് തലവന്മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധി അപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഓഫിസ് പരിസരങ്ങളില്‍ അനിഷ്ടസംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്മാരുമായി ആലോചിച്ച് സംസ്ഥാന പൊലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.