അനുകമ്പ വേണ്ട, മനീഷക്കും കണ്‍മണിക്കും ആദരം മതി

കോഴിക്കോട്: വൈകല്യങ്ങള്‍  ജീവിതത്തിലെ നേട്ടങ്ങള്‍ക്കു മുന്നില്‍ തടസ്സമല്ളെന്ന് തെളിയിച്ചതിനാല്‍ അംഗീകാരത്തിന്‍െറ പതക്കങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ അവരുടെ മുഖത്ത് അഭിമാനം മാത്രം. കോഴിക്കോട്ട് നടക്കുന്ന  സാമൂഹികനീതി ദിനാഘോഷവേദിയിലാണ് ഭിന്നശേഷിക്കാരായ മനീഷ സൂസന്‍ഫിലിപ്പും  കണ്‍മണിയും ശ്രദ്ധാകേന്ദ്രമായത്. ദേശീയ അംഗീകാരം നേടിയ നിറവോടെയാണ് 31കാരി മനീഷ മേളക്കത്തെിയത്.  

50 ശതമാനം ബുദ്ധിമാന്ദ്യം നേരിടുന്ന യുവതിക്ക് ഭിന്നശേഷിക്കാരിലെ സംരംഭകയെന്ന നിലയിലാണ് ദേശീയബഹുമതി ലഭിച്ചത്. കൈകാലുകളില്ലാത്ത  കണ്‍മണി (14) സംഗീതത്തിലൂടെയാണ് പേരെടുത്തത്. വേദിയില്‍ മന്ത്രി മുനീര്‍ ഇവരെ ആദരിച്ചു. മുയല്‍വളര്‍ത്തലിലൂടെ പ്രതിമാസം 20,000 രൂപ മനീഷ വരുമാനമുണ്ടാക്കുന്നു. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയില്ളെങ്കിലും ജോലിയെടുത്ത് സ്വന്തംകാലില്‍ നില്‍ക്കണമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ലൗ ബേര്‍ഡ്സുകളെ വളര്‍ത്തലും പച്ചക്കറി കൃഷിയുമൊക്കെ പരീക്ഷിച്ചെങ്കിലും ആഗ്രഹിക്കുംവിധം മനീഷക്ക് വഴങ്ങിയില്ല.

പച്ചക്കറി ധാരാളമുണ്ടായി എങ്കിലും അത് വില്‍പന നടത്തി വരുമാനമാക്കാന്‍ കഴിഞ്ഞില്ല. അതിനിടെയാണ് മുയല്‍വളര്‍ത്തലില്‍ പരിശീലനം നേടിയത്. കൃഷി വിജ്ഞാനകേന്ദ്രത്തിലായിരുന്നു പരിശീലനം. മനീഷക്ക് മാത്രമല്ല അവളെ സഹായിക്കാന്‍ അമ്മക്കും അച്ഛനും സഹോദരനും പരിശീലനം നേടി. രണ്ടുവര്‍ഷംകൊണ്ട് അഭൂതപൂര്‍വമായ മാറ്റമാണ് മനീഷയില്‍ ദൃശ്യമായത്. മറ്റുള്ളവരുടെ സഹായം കൂടാതെ അവള്‍ മുയല്‍കൃഷിയില്‍ വ്യാപൃതയായി. അങ്ങനെയൊക്കെയാണെങ്കിലും താന്‍ പോറ്റിവളര്‍ത്തുന്ന മുയലുകളെ അറുക്കുന്നത് അവള്‍ക്കിഷ്ടമില്ലായിരുന്നു. അതിനാല്‍ത്തന്നെ, കുഞ്ഞുമുയലുകളെ മാത്രമേ അവള്‍ വില്‍പന നടത്തൂ. 2013 മുതലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെങ്കിലും ഇന്നവള്‍ മികച്ച സംരംഭകയായി മാറി.

 ജനിച്ചുവീണപ്പോള്‍ മനീഷ  കരഞ്ഞില്ളെന്ന് അമ്മ  ലളിത സൂസന്‍ഫിലിപ്പ് പറഞ്ഞു.  സാധാരണ കുട്ടികളെപ്പോലെ കമഴ്ന്നുവീണില്ല. 10 വയസ്സായിട്ടും അവള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനായിരുന്നില്ല.  സ്പെഷല്‍ സ്കൂളില്‍ ചേര്‍ത്തെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല. അവള്‍ക്കിഷ്ടപ്പെട്ട മേഖല കണ്ടത്തൊനായതോടെ എല്ലാ അസ്വസ്ഥതകളും മാറി.  റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ പത്തനംതിട്ട  അയിരൂര്‍ വല്യത്തുകാലയില്‍ ഫിലിപ്പ് എം. സൈമണിന്‍െറയും റിട്ട. അധ്യാപിക ലളിത ഫിലിപ്പിന്‍െറയും മകളാണ് മനീഷ.

കൈകാലുകളില്ലാത്ത  കണ്‍മണിയുടെ (14) സംഗീതം ആസ്വദിക്കാന്‍ ചില്ലറ കാശുപോരാ. രണ്ടര മണിക്കൂര്‍ കച്ചേരിക്ക്  30,000 വരെയാണ് പ്രതിഫലം.
 കണ്‍മണിക്ക് രണ്ട് കൈകളുമില്ല. പേരിന് വൈകല്യമുള്ള ഒരു വലതുകാലുണ്ട്. അതുപയോഗിച്ച് അവള്‍ ചിത്രം വരക്കും. ചെറുപ്പം മുതല്‍ നന്നായി പാട്ടുപാടും. കര്‍ണാട്ടിക് സംഗീതത്തിലും അഷ്ടപതിയിലും  ചിത്രരചനയിലും ഈ മിടുക്കി കഴിവുതെളിയിച്ചിട്ടുണ്ട്.  സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കണ്‍മണി നേട്ടം കൊയ്യുന്നു.

ആലപ്പുഴയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാതെയാണ് ഇന്നലെ കോഴിക്കോട്ട് സര്‍ക്കാറിന്‍െറ ആദരമേറ്റുവാങ്ങാന്‍ അവള്‍ അമ്മയോടൊപ്പമത്തെിയത്. മാവേലിക്കര ‘അഷ്ടപതി’യിലെ ശശികുമാറിന്‍െറയും  രേഖയുടെയും മകളാണ് കണ്‍മണി. 200ഓളം വേദികളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. 100ലേറെ ചിത്രങ്ങളാണ് അവള്‍ വരച്ചത്. സാധാരണ സ്കൂളിലാണ് കണ്‍മണി പഠിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.