മാനവികമൂല്യങ്ങളെ ഹൈന്ദവതയില്‍ ഏച്ചുകെട്ടാന്‍ ശ്രമം –യെച്ചൂരി

വര്‍ക്കല: മാനവികതയില്‍ അധിഷ്ഠിതമായ രാജ്യത്തിന്‍െറ മൂല്യങ്ങളും തത്ത്വചിന്തകളും ഹൈന്ദവതയില്‍ ഏച്ചുകെട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്‍െറ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതിലൂടെ രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യാനാണ് അവരുടെ ശ്രമം. രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും നടമാടുന്നു. ഇതിനെതിരെ ആത്മീയ, ഭൗതിക, നിരീശ്വരവാദികള്‍ ഒന്നിക്കണം. 83ാമത് ശിവഗിരി തീര്‍ഥാടന സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

ദലിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സാമൂഹിക പുരോഗതി പ്രാപ്യമാകണമെങ്കില്‍ സാമ്പത്തികമായി മുന്നേറണം. അവര്‍ക്ക് ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ മാറണം. ശ്രീനാരായണഗുരു വിഭാവനം ചെയ്ത സാമൂഹികസന്തുലിതാവസ്ഥ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു നവോത്ഥാനത്തിന് വീണ്ടും തുടക്കം കുറിക്കേണ്ടതുണ്ട്. അവിടെയാണ് കമ്യൂണിസ്റ്റ് തത്ത്വചിന്തകളുടെ പ്രസക്തി. കമ്യൂണിസ്റ്റുകള്‍ ജാതിക്കോ മതത്തിനോ എതിരല്ല. എല്ലാവര്‍ക്കും ജീവിക്കാനും തുല്യനീതി വിഭാവനം ചെയ്യാനും ഒത്തൊരുമയോടെ വര്‍ത്തിക്കണമെന്നാണ് ശ്രീനാരായണഗുരു പഠിപ്പിച്ചത്. അതുതന്നെയാണ് കമ്യൂണിസ്റ്റുകാരും ചെയ്യുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം സാര്‍ഥകമാക്കാന്‍ പുതിയൊരു വിപ്ളവത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം ആവര്‍ത്തിക്കും. ഈ നവോത്ഥാന പോരാട്ടത്തിന് സി.പി.എം മുന്നിലുണ്ടാകും.സാമൂഹികനീതിയും തുല്യതയും ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.


ഗുരുദര്‍ശനത്തെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നത് ചെറുക്കും -ചെന്നിത്തല
നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവര്‍ മാത്രമല്ല, സമൂഹത്തിലെ സമസ്തവിഭാഗങ്ങളും മനുഷ്യരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിന്‍െറ എല്ലാത്തട്ടിലുള്ളവര്‍ക്കും ജീവിക്കാനും തുല്യതക്കുമുള്ള അവകാശമുണ്ട്. ഇതുതന്നെയാണ്, സാര്‍വലോക സാഹോദര്യം ആഹ്വാനം ചെയ്ത ശ്രീനാരായണഗുരു വിഭാവനം ചെയ്തതും. എന്നാല്‍, ചിലര്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി ശ്രീനാരായണദര്‍ശനങ്ങളെ തെറ്റായിവ്യാഖ്യാനിക്കുന്നു. ഇതിനെ ശക്തിയുക്തം എതിര്‍ക്കും. 83ാമത് ശിവഗിരി തീര്‍ഥാടനത്തിന്‍െറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ചെന്നിത്തല, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും അദ്ദേഹം നയിച്ച സമത്വമുന്നേറ്റയാത്രക്കെതിരെയും ആഞ്ഞടിച്ചു.

വര്‍ഗീയശക്തികള്‍ രാജ്യവ്യാപകമായി ശക്തിപ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യവാദികള്‍ക്ക് മൗനം തുടരാനാകില്ല. നാനാജാതി മതസ്ഥര്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ഗുരുദര്‍ശനത്തിന്‍െറ ഘാതകര്‍തന്നെയാണ് അദ്ദേഹത്തിന്‍െറ ധര്‍മപ്രചാരകരായി ഇപ്പോള്‍ രംഗപ്രവേശം നടത്തുന്നത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശിവഗിരിയില്‍ ശബ്ദിച്ചത്. നാനാജാതി മതസ്ഥരെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാമെന്ന വര്‍ഗീയശക്തികളുടെ തന്ത്രം വിലപ്പോവില്ളെന്നും ചെന്നിത്തല പറഞ്ഞു. 

ഗുരു പൊതുസ്വത്ത് –സ്പീക്കര്‍
ശ്രീനാരായണഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്‍െറയോ ജാതിയുടേയോ ആളായി ചിത്രീകരിക്കാനാകില്ളെന്നും അദ്ദേഹം കേരളത്തിന്‍െറ പൊതുസ്വത്താണെന്നും സ്പീക്കര്‍ എന്‍. ശക്തന്‍. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നാണ് ഗുരു പഠിപ്പിച്ചത്. അതിനുവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഗുരുനിന്ദയാണ്. 83ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച ആഗോള ശ്രീനാരായണപ്രസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിഷമാകുമെന്ന് ഗുരുവിന് അറിയാമായിരുന്നു. അതുമുന്നില്‍ കണ്ടാണ് മദ്യം ഉണ്ടാക്കുകയോ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിക്ക് വിമര്‍ശം
ശ്രീനാരായണഗുരുവിന്‍െറ പേരില്‍ സമുദായസ്നേഹം പ്രസംഗിക്കുന്നവര്‍ കാപട്യക്കാരാണെന്ന് ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. ശിവഗിരിയില്‍ ആഗോള ശ്രീനാരായണ പ്രസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനെതിരെ ഒളിയമ്പെയ്തത്. ആശ്രമങ്ങളിലെ വരവുചെലവുകണക്ക് കൃത്യമായി സൂക്ഷിക്കണമെന്ന് ഗുരുവിന് നിര്‍ബന്ധമായിരുന്നു.  ആശ്രമം സന്ദര്‍ശിച്ച ഗുരുവിന്‍െറ സഹോദരിക്ക് കാര്യദര്‍ശി 10 രൂപ നല്‍കി. മഠത്തിലെ പണമാണ് അദ്ദേഹം നല്‍കിയത്. ഇക്കാര്യമറിഞ്ഞ ഗുരു സ്നേഹത്തോടെ ശാസിച്ചു. ഇന്ന് പലരും ഗുരുവിന്‍െറ പേരില്‍ പണംപറ്റുകയും സ്വന്തം കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുകയാണെന്നും സ്വാമി പറഞ്ഞു. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.