സ്കൂളുകളില്‍ 39870 അധിക അധ്യാപകര്‍; 1430 കോടി അധിക ചെലവ്

തിരുവനന്തപുരം: സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ 39870 അധിക അധ്യാപകരുണ്ടെന്നും ഇവര്‍ക്കായി 1430 കോടി രൂപയുടെ അധികചെലവ് വരുന്നതായും ശമ്പള കമീഷന്‍. അതിനാല്‍  5000 ലേറെ വരുന്ന അനാദായകരമായ സ്കൂളുകള്‍ പുന$ക്രമീകരിക്കണം. സര്‍ക്കാറിനെ കബളിപ്പിച്ച് നേട്ടം കൊയ്യുന്ന എയ്ഡഡ് മാനേജ്മെന്‍റുകള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് ക്രിമിനല്‍ കുറ്റമായി കണ്ട് കേസെടുക്കണമെന്നും ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ജോലി ചെയ്യുന്നതിനൊപ്പം അധ്യാപകര്‍  ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കണം. പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി എന്നിവ സംയോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ ആക്കി മാറ്റണം.

അധ്യാപകരുടെ എണ്ണത്തെക്കാള്‍ കുറഞ്ഞ അനുപാതത്തില്‍  വിദ്യാര്‍ഥികള്‍ എന്ന സ്ഥിതിയാണ്. മൂന്നുമുതല്‍ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലെ സ്കൂളുകളുമായി അനാദായകരമായ സ്കൂളുകള്‍ സംയോജിപ്പിക്കണം. ഈ സ്കൂളുകളിലെ കുട്ടികള്‍ക്ക്  യാത്രാസൗകര്യം ഒരുക്കണം. അതിനുശേഷമേ സംയോജനം നടത്താവൂ. അധിക അധ്യാപകരെ അധ്യാപക ബാങ്കുകളില്‍ ഉള്‍പ്പെടുത്തി പിന്നീടുണ്ടാവുന്ന  ഒഴിവുകളില്‍ നിയമിക്കുകയോ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മറ്റ് സര്‍ക്കാര്‍ സര്‍വിസുകളിലേക്ക് മാറ്റുകയോ ചെയ്യാം. ഇത്തരം അധ്യാപകര്‍ക്ക് കഴിയുന്നതും താമസസ്ഥലത്തിനടുത്ത് നിയമനം നല്‍കണം. അധ്യാപകരുടെ അവധിയിലും മറ്റും ഇവരെ ഉപയോഗിക്കാം. സെന്‍സസ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണത്തിനും ഇവരെ പ്രയോജനപ്പെടുത്താം. എയ്ഡഡ് സ്കൂളില്‍ അധികമാവുന്നവരെ അതേ മാനേജ്മെന്‍റിന്‍െറ കീഴിലേ നിയമിക്കാവൂ. ഇവരെ സര്‍ക്കാര്‍ സ്കൂളുകളില്‍ എടുക്കരുത്. സ്കൂള്‍സംയോജനം നടത്തിയില്ളെങ്കില്‍  വീണ്ടും നിയമനങ്ങള്‍ നടത്തേണ്ടിവരും.

അധ്യാപക-വിദ്യാര്‍ഥി അനുപാതം ഒന്നുമുതല്‍ അഞ്ചുവരെ 30ഉം ആറുമുതല്‍ എട്ടുവരെ 35ഉം എട്ടുമുതല്‍ പത്തുവരെ 40ഉം ആയി നിജപ്പെടുത്തണം. ഇത്  അധികതസ്തിക കണ്ടത്തൊന്‍  സഹായിക്കും. ഇതിനുശേഷം അധികതസ്തിക സൃഷ്ടിക്കാനോ നിയമനം നടത്താനോ പാടില്ല. അധിക അധ്യാപകനിയമനം പൂര്‍ത്തിയാകും വരെ പുതിയ നിയമനം നടത്തരുത്. തദ്ദേശപ്രതിനിധികളായ അധ്യാപകര്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയോ നിര്‍ബന്ധിത അവധിയില്‍ പോകുകയോ വേണം. തുടര്‍ച്ചയായി മൂന്നുവര്‍ഷം ശരാശരിയിലും താഴെയാവുന്നവരെ  സ്വന്തം ചെലവില്‍ പരിശീലനത്തിന് അയക്കണം. ഇതിലും പരാജയപ്പെടുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണം. സ്കൂളുകളില്‍ അവധിയും കായിക-കലോത്സവങ്ങളും വര്‍ഷം 200 പ്രവൃത്തിദിവസമെങ്കിലും ലഭിക്കത്തക്കവിധം പുന$ക്രമീകരിക്കണം. ഒരു കോമ്പൗണ്ടില്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഹയര്‍സെക്കന്‍ഡറി  പ്രിന്‍സിപ്പലായിരിക്കണം  മേല്‍നോട്ടം നിര്‍വഹിക്കേണ്ടത്. ഹെഡ്മാസ്റ്റര്‍ തസ്തികകള്‍ നിലനിര്‍ത്താം. ഹയര്‍ സെക്കന്‍ഡറി ഇല്ലാത്തിടത്ത്  ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററിനായിരിക്കും പൂര്‍ണ അധികാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.