കഞ്ചിക്കോട് മങ്ങുന്നു

പാലക്കാട്: എട്ടുവര്‍ഷം മുമ്പ് റെയില്‍ബജറ്റില്‍ പ്രഖ്യാപിക്കുകയും സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് നല്‍കുകയും ചെയ്ത കഞ്ചിക്കോട് കോച്ച് ഫാക്ടറി വിസ്മൃതിയിലേക്ക് നീങ്ങുന്നു. പുതിയ റെയില്‍ ബജറ്റിലും കോച്ച് ഫാക്ടറിയെക്കുറിച്ച് പരാമര്‍ശമില്ല. സെയില്‍ (സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ) വീണ്ടും പങ്കാളിത്തത്തിന് താല്‍പര്യം പ്രകടിപ്പിച്ചതോടെ കോച്ച് ഫാക്ടറിക്ക് ജീവന്‍ വെക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നെങ്കിലും ഇത് അസ്ഥാനത്തായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറും കേരളത്തില്‍നിന്നുള്ള എം.പിമാരും ഇതിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, അനുകൂല പ്രതികരണം റെയില്‍മന്ത്രാലയത്തില്‍നിന്ന് ഉണ്ടായില്ല. 2008-09ലെ റെയില്‍ ബജറ്റിലാണ് യു.പി.എ സര്‍ക്കാര്‍ കഞ്ചിക്കോട്ട് 550 കോടിയുടെ കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ അലൂമിനിയം നിര്‍മിത കോച്ചുകളും തുടര്‍ന്ന് ആധുനിക സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളും നിര്‍മിക്കാനാണ് റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്. പ്രതിവര്‍ഷം 400 കോച്ചുകള്‍വരെ നിര്‍മിക്കുന്ന വിധമുള്ള പദ്ധതിക്കാണ് രൂപം നല്‍കിയത്. 1000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നതാണ് പദ്ധതിയെന്നും അവകാശപ്പെട്ടിരുന്നു. ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ 92.04 ഹെക്ടര്‍ സ്ഥലം റെയില്‍വേക്ക് കൈമാറിയെങ്കിലും 2013ലെ റെയില്‍ ബജറ്റില്‍ 56.69 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്.
 സെയിലിനെ പങ്കാളിയാക്കാനുള്ള ആദ്യശ്രമം മുന്നോട്ടുപോകാത്തതിനാല്‍ പദ്ധതിക്ക് ഒരുതവണ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരു ചൈനീസ് കമ്പനി മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. റെയില്‍വേക്ക് ഇത് സ്വീകാര്യമായില്ല. പിന്നീട് രണ്ട് യൂറോപ്യന്‍ കമ്പനികള്‍ താല്‍പര്യമറിയിച്ചെങ്കിലും റീടെന്‍ഡര്‍ ഉണ്ടായിട്ടില്ല. സ്വകാര്യ നിക്ഷേപകന് 76 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കുംവിധം സ്വകാര്യ-പൊതു പങ്കാളിത്തത്തില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഇതില്‍ പുരോഗതിയുണ്ടാകാതെ വന്നപ്പോള്‍ കേരളത്തിന്‍െറ സമ്മര്‍ദഫലമായി വീണ്ടും സെയിലിനെ പങ്കാളിയാക്കാന്‍ ചില ആലോചനകള്‍ നടന്നെങ്കിലും നടപടികള്‍ക്ക് വേഗമുണ്ടായില്ല. അതേസമയം, പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെട്ട കണ്ണൂര്‍-മട്ടന്നൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകള്‍ക്ക് റെയില്‍ ബജറ്റില്‍ പച്ചക്കൊടി വീശിയത് ശുഭകരമാണ്. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയുടെ വൈദ്യുതീകരണവും ബജറ്റില്‍ സ്ഥാനം പിടിച്ചു. കോഴിക്കോട്-മംഗളൂരു പാത ഇരട്ടിപ്പിക്കലിനും തുകയുണ്ട്. തീര്‍ഥാടക സര്‍ക്യൂട്ടായ പൊള്ളാച്ചി പാതയില്‍ പുതിയ ട്രെയിനുകള്‍ പ്രഖ്യാപനത്തിലുണ്ടായില്ല. എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് സിസ്റ്റം, ഷൊര്‍ണൂരില്‍ പിറ്റ്ലൈന്‍, ഇലക്ട്രിക്കല്‍ ലോക്കോ ഷെഡ് എന്നിവയും അവഗണിക്കപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.