സോളാര്‍ കമീഷനെതിരെ ഹൈകോടതിയെ സമീപിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് –സരിത

കൊച്ചി: സോളാര്‍ കമീഷനെതിരെ  ഹൈകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നുവെന്ന് സരിത എസ്. നായര്‍ . തോമസ് കുരുവിളക്ക് 1.90 കോടി രൂപ കൊടുത്തതിന് കൃത്യമായ രേഖകളില്ല. ഇക്കാര്യത്തില്‍ സ്വകാര്യ ഡയറിയിലെ വിവരങ്ങള്‍ കമീഷനു മുമ്പാകെ ഹാജരാക്കാന്‍ തയാറാണ്.  ബെന്നി ബഹനാന്‍ എം.എല്‍.എ ഗണേഷ്കുമാറിന്‍െറ പി.എ പ്രദീപ്കുമാര്‍ മുഖേന അഭിഭാഷകനായ അഡ്വ. എസ്. രാജീവിനെ ധരിപ്പിച്ചത് പ്രകാരമാണ് ഹരജി നല്‍കിയത്.
തോമസ് കുരുവിളക്ക് ഡല്‍ഹിയില്‍വെച്ച് 1.10 കോടിയും ഇടപ്പഴഞ്ഞിയിലെ വീട്ടില്‍വെച്ച് 80 ലക്ഷവും കൈമാറി. ഇതുസംബന്ധിച്ച രേഖകളൊന്നും കമീഷന് കൈമാറിയിട്ടില്ല. കോഴ കൊടുക്കുന്നതു കാര്യങ്ങളില്‍ സ്വകാര്യ ഡയറിയിലാണ് എഴുതിയിട്ടുള്ളത്. ഇവ കമീഷന്‍ മുമ്പാകെ ഹാജരാക്കാന്‍ തയാറാണെന്നും തോമസ് കുരുവിളയുടെ അഭിഭാഷകന്‍ പി.സി. ചാക്കോയുടെ ക്രോസ് വിസ്താരത്തിനിടെ സരിത പറഞ്ഞു.  ഇടപ്പഴഞ്ഞിയിലെ വീട്ടില്‍വെച്ച് തോമസ് കുരുവിളക്ക് 80 ലക്ഷം രൂപ നല്‍കുമ്പോള്‍ വേലക്കാരിയും സുഹൃത്തും ഉണ്ടായിരുന്നു. തൃശൂര്‍ സ്വദേശി സിജ ജോസ് ആയിരുന്നു സുഹൃത്ത്.
 ഹൈബി ഈഡനുമായി സംസാരിച്ചത് പ്രമോഷന്‍ ഉള്‍പ്പെടെ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന കാര്യമാണ്. മന്ത്രി എ.പി. അനില്‍കുമാറിന് ഇക്കോ ടൂറിസം സംബന്ധിച്ച കാര്യങ്ങളാണ് ചെയ്തുകൊടുത്തത്. മോന്‍സ് ജോസഫ് എം.എല്‍.എയുടെ മണ്ഡലമായ കടുത്തുരുത്തിയില്‍ സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സോളാര്‍ സംബന്ധമായ ഇടപാടുകളൊന്നും നടത്തിയിട്ടില്ല. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു സ്ഥലം വില്‍പന തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടിയാണ് ആന്‍േറാ ആന്‍റണി എം.പിയെ പരിചയപ്പെടുന്നത്. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.  20 ലക്ഷം രൂപ നല്‍കി. വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ക്കെതിരെ ഡി.ജി.പി, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായാണ് അറിവ്. സംശയമുള്ള ഒന്ന്, രണ്ട് ആളുകളുടെ പേരുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനുപിന്നിലുണ്ടെന്ന്  മനസ്സിലായി. ഇതോടെ അത് നിലച്ച രീതിയിലാണ്.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എക്കെതിരെ തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ഇക്കാര്യത്തില്‍ മജിസ്ട്രേറ്റ് കോടതിയില്‍ 164 വകുപ്പ് പ്രകാരം സ്റ്റേറ്റ്മെന്‍റും കൊടുത്തിരുന്നു. ഐ.പി.സി 376ാം വകുപ്പ് പ്രകാരമുള്ളതാണ് കേസ്. സുരാന വെഞ്ച്വേഴ്സ് അനെര്‍ട്ടുമായി 20 കോടിയോളം രൂപയുടെ ബിസിനസ് നടത്തിയതിന്‍െറ ഫ്രാഞ്ചൈസി കമ്പനിക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരം ജോസ്കോ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം വാങ്ങിയതായും അന്നേദിവസം തന്നെ തൈക്കാട് ഗെസ്റ്റ് ഹൗസിലത്തെി ഒരു കവര്‍ ടെന്നി ജോപ്പന് കൈമാറിയതായും ഡ്രൈവര്‍ സന്ദീപ് നല്‍കിയ മൊഴി ശരിയാണ്. എന്നാല്‍, കവറിനകത്ത് ചില രേഖകളായിരുന്നുവെന്നും സരിത മൊഴി നല്‍കി.
സരിതയുടെ ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും. നാളെ കണ്ണൂര്‍, കോഴിക്കോട് കോടതികളില്‍ സരിതക്ക് ഹാജരാകണമെന്നതിനാലാണ് വിസ്താരം ചൊവ്വാഴ്ചത്തേക്ക് നീട്ടിയത്. നാളെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, ഒമ്പതിന് എബ്രഹാം കലമണ്ണില്‍, 12ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാന്നൂര്‍ രവി എന്നിവര്‍ വിസ്താരത്തിന് ഹാജരാകണമെന്ന് കമീഷന്‍ ഉത്തരവിട്ടു. കമീഷനെ അധിക്ഷേപിച്ച് മന്ത്രി ഷിബു ബേബിജോണ്‍ പ്രസംഗിച്ചെന്ന പരാതിയില്‍ മന്ത്രിയുടെ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ 15ന് ഹാജരായി വിശദീകരണം നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.