മുഖ്യമന്ത്രിയടങ്ങുന്ന കൊള്ളസംഘത്തെ ഗവർണർ സംരക്ഷിക്കുന്നു

ഇടുക്കി: മാഫിയകളെ വെല്ലുന്ന കൊള്ളസംഘമായ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോയെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്‍റെയും  മാഫിയ ഭരണത്തെ  സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കേണ്ടി വന്ന ഗവര്‍ണര്‍ക്ക് സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടി വരും. സംസ്ഥാനത്ത് ഒരു ഗവര്‍ണര്‍ക്കും ഇത്രയും ഗതികേട് വന്നിട്ടില്ല. ചില കുട്ടികള്‍ മാര്‍ക്ക്‌ലിസ്റ്റില്‍ സ്വന്തമായി മാര്‍ക്കെഴുതി പ്രോഗ്രസ് കാര്‍ഡ് കാണിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ നയപ്രഖ്യാപനം നടത്തിയത്. ജനം മാര്‍ക്കിട്ടാല്‍ സര്‍ക്കാരിന് പൂജ്യമായിരിക്കും കിട്ടുകയെന്നും  നവകേരള മാര്‍ച്ചിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്ത മികച്ച ന്യായാധിപനായിരുന്നു ഗവര്‍ണറായ പി സദാശിവം. എന്നാലിപ്പോള്‍ അഴിമതിക്കാരെ പുകഴ്‌ത്തി സംസാരിക്കേണ്ടി വന്ന അദ്ദേഹത്തിന്‍റെ ഗതികേടില്‍ സഹതാപമുണ്ട്. സ്ത്രീപീഡകര്‍ക്കെതിരെ ശക്തമായ നടപടികളാണ് ജസ്റ്റിസായിരിക്കുമ്പോള്‍ കൈകൊണ്ടിട്ടുള്ളത്. എന്നാൽ സ്ത്രീപീഡകരുടെ കൂടാരമായ സര്‍ക്കാര്‍ എഴുതികൊടുത്ത കള്ളത്തരങ്ങള്‍ അദ്ദേഹത്തിന് വായിക്കേണ്ടി വന്നു. എത്രകേസുകളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ളത്. സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍, പാമോലിന്‍, ടൈറ്റാനിയം അങ്ങിനെ നിരവധി കേസുകള്‍. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോ.

സോളാര്‍ കേസില്‍ ഇന്നലെ  സരിത നല്‍കിയ മൊഴിയില്‍ ശങ്കര്‍ റെഡ്ഡിയുടെ പേരുമുണ്ടല്ലോ. സര്‍ക്കാരിന് വേണമെന്നുള്ളവരെ സംരക്ഷിക്കാനും അല്ലാത്തവരെ ശിക്ഷിക്കാനുമാണ്  അധികാരം ഉപയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.