അഭ്യൂഹം പരത്തി കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ അതിരപ്പിള്ളി സന്ദര്‍ശനം

അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രസ്താവിച്ചതിന് തൊട്ടുപിറകെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ അതിരപ്പിള്ളി സന്ദര്‍ശിച്ചത് അഭ്യൂഹങ്ങള്‍ക്ക് കാരണമായി. കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ മന്ത്രി തൃശൂര്‍ വഴി ബുധനാഴ്ച രാവിലെ 11നാണ് അതിരപ്പിള്ളിയിലത്തെിയത്. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചക്ക് ഒന്നോടെ  കൊച്ചിയിലേക്ക് പോയി. സന്ദര്‍ശനം അനൗദ്യോഗികവും യാദൃച്ഛികവുമെന്നാണ് ഒൗദ്യോഗിക വിശദീകരണം.

വാഴച്ചാലിലത്തെിയ മന്ത്രി മികച്ച വനസംരക്ഷണ സമിതിയായി തെരഞ്ഞെടുക്കപ്പെട്ട വാഴച്ചാല്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമായി സംസാരിച്ചു. സന്ദര്‍ശനത്തിന്‍െറ ഓര്‍മക്ക് വാഴച്ചാല്‍ ഐ.ബിക്ക് സമീപം ഉറുവഞ്ചിത്തൈ നട്ടു. അതിരപ്പിള്ളി പദ്ധതിക്കെതിരെ ഊരുസഭ പാസാക്കിയ പ്രമേയം നിവേദനമാക്കി വാഴച്ചാല്‍ ഊര് മൂപ്പത്തി ഗീതയുടെ നേതൃത്വത്തില്‍ മന്ത്രിക്ക് കൈമാറി. നിവേദനം കൈപ്പറ്റിയ മന്ത്രി അത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി തരണമെന്ന് സെക്രട്ടറിയോട് നിര്‍ദേശിച്ചു. മന്ത്രിയോടൊപ്പം തൃശൂര്‍ സെന്‍റര്‍ സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രനും അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് നൗഷാദും ഉണ്ടായിരുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈയിടെ അതിരപ്പിള്ളി പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയിരുന്നു. കോടതി സ്റ്റേ നീക്കിയതോടെ പദ്ധതി നടപ്പാകുമെന്ന അഭ്യൂഹത്തിന് ആക്കം കൂടുകയും ചെയ്തു. ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് അരക്കിലോ മീറ്റര്‍ മുകളിലാണ് അതിരപ്പിള്ളി പദ്ധതിക്കായി അണക്കെട്ട് നിര്‍മിക്കുക. ഇത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തെയും വാഴച്ചാല്‍ വെള്ളച്ചാട്ടത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പുണ്ട്. നവകേരള യാത്രയുമായി ബന്ധപ്പെട്ട് ചാലക്കുടിയിലത്തെിയപ്പോഴാണ് അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ടത് തന്നെയാണെന്ന് പിണറായി വിജയന്‍ പ്രസ്താവിച്ചത്. പ്രസ്താവനക്കെതിരെ സി.പി.ഐ ഉള്‍പ്പടെ രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.