കോയമ്പത്തൂര്‍ സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന് അറസ്റ്റ് വാറന്‍റ്

കോയമ്പത്തൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനെതിരെ കോയമ്പത്തൂര്‍ ആറാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.
കേസിന്‍െറ വിചാരണക്ക് തുടര്‍ച്ചയായി ഹാജാരാകാത്തതാണ് കാരണം. മറ്റൊരു പ്രതിയായ സരിത എസ്. നായര്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായി. കേസ് ഫെബ്രുവരി 17ലേക്ക് മാറ്റി കോടതി ഉത്തരവിട്ടു.  ബാറുടമകളും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമാണ് തനിക്ക് പിന്നിലെന്ന ആരോപണത്തില്‍ കഴമ്പില്ളെന്നും പുകമറ സൃഷ്ടിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും സരിത  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോയമ്പത്തൂരിലെ വടവള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിതയെ കൂടാതെ ബിജു രാധാകൃഷ്ണന്‍, ആര്‍.സി. രവി എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. 2008ലാണ് കോയമ്പത്തൂര്‍ വടവള്ളി തിരുമുരുകന്‍ നഗറിലെ വാടകവീട്ടില്‍ ‘ഇന്‍റര്‍നാഷനല്‍ കണ്‍സല്‍ട്ടന്‍സി ആന്‍ഡ് മാനേജ്മെന്‍റ് സര്‍വിസസ് (ഐ.സി.എം.എസ്) എന്ന സ്ഥാപനം തുടങ്ങിയത്. സരിത എക്സിക്യൂട്ടിവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിങ് ഡയറക്ടറും ആര്‍.സി. രവി ഡയറക്ടറുമായിരുന്നു. ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങള്‍ക്കായി വൈദ്യുതോല്‍പാദന കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചുനല്‍കുമെന്ന് കമ്പനി മാധ്യമങ്ങളില്‍ പരസ്യം നല്‍കി. തുടര്‍ന്നാണ് ഊട്ടിയിലെ ശ്രീ അബുബാബ്ജി ചാരിറ്റബ്ള്‍ മിഷന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എന്‍. കിലാചന്ദ് ട്രസ്റ്റ് ഓഫിസില്‍ വിന്‍ഡ് മില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സരിതയെ സമീപിച്ചത്. ഇതിനായി അവര്‍ 5.57 ലക്ഷം രൂപയും നല്‍കി. എന്നാല്‍, വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിച്ചില്ല. വടവള്ളിയിലെ രാജ്നാരായണന്‍ ടെക്സ്റ്റൈല്‍സ് മാനേജിങ് ഡയറക്ടര്‍ ത്യാഗരാജനില്‍നിന്ന് പ്രതികള്‍ 26 ലക്ഷം രൂപയും തട്ടി. കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗമാണ് (ഡി.സി.ബി) കേസ് രജിസ്റ്റര്‍ ചെയ്തത്.  ആദ്യഘട്ടത്തില്‍ സരിതയും ബിജുവും ഉപാധികളോടെ ജാമ്യത്തിലിറങ്ങി. പിന്നീട് ഹാജരായിരുന്നില്ല. കേരളത്തില്‍  കേസുകളില്‍ കുടുങ്ങി അറസ്റ്റിലായതോടെയാണ് കോയമ്പത്തൂര്‍ കോടതിയും വിചാരണ പുനരാരംഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.