സര്‍ക്കാര്‍ നൂറുദിനം പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് ശിഥിലമാകുന്ന സാഹചര്യമെന്ന് സുധീരന്‍

തിരുവനന്തപുരം: പിണറായി വിജയന്‍െറ നേതൃത്വത്തിലെ സര്‍ക്കാര്‍ നൂറുദിവസം പൂര്‍ത്തിയാക്കുമ്പോള്‍ രാഷ്ട്രീയമായി ഇടതുമുന്നണി ശിഥിലമാകുന്ന സാഹചര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കെ.എം. മാണി വിട്ടുപോയത് യു.ഡി.എഫിനെയല്ല, ഇടതുമുന്നണിയെയാണ് ബാധിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഇടത് സര്‍ക്കാര്‍ ദിശാബോധം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നല്‍കിയിരുന്നു. വിനയാന്വിതരാകണമെന്നും അധികാരകേന്ദ്രമാകരുതെന്നും സ്വന്തം പ്രവര്‍ത്തകരോട് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോള്‍ കൂടുതല്‍ പ്രതീക്ഷയായി. എന്നാല്‍, അതെല്ലാം പാഴ്വാക്കായി. ജനങ്ങളുടെ സമാധാനജീവിതം നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്ന് പറയാവുന്ന സാഹചര്യം. സി.പി.എമ്മിന്‍െറ ചട്ടുകമായി പൊലീസ് മാറി. ചവറയില്‍ യൂനിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തറയിലിട്ട് ചവിട്ടി. കാര്‍ത്തികപ്പള്ളിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത് പൊലീസ് നിഷ്ക്രിയത്വത്തിന്‍െറ ഉദാഹരണമാണ്. ദലിത് പീഡനം ക്രമാതീതമായി വര്‍ധിച്ചു.

കടുത്ത വിലക്കയറ്റം നേരിടുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒരുനീക്കവും സര്‍ക്കാറില്‍നിന്ന് ഉണ്ടാകുന്നില്ല. വിലക്കയറ്റത്തിന് പ്രധാനകാരണം കേന്ദ്രത്തിന്‍െറ തുടര്‍ച്ചയായ ഇന്ധനവിലവര്‍ധനയാണ്. എന്നാല്‍, നിരവധിതവണ പ്രധാനമന്ത്രിയെ നേരില്‍കണ്ടിട്ടും ഇന്ധനവില കുറക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചില്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ല. പരസ്യമായി പൊലീസിനെ കുറ്റംപറയുകയും കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തള്ളിപ്പറയുകയും ചെയ്യുന്ന ഇരട്ടമുഖമാണ് സര്‍ക്കാറിന്‍േറത്. വിവരാവകാശനിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രതകാട്ടുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാത്തത് ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണ്. മദ്യനയം അട്ടിമറിക്കാനുള്ള നീക്കവുമുണ്ട്. എ.കെ.ജി സെന്‍റര്‍ സമാന്തര അധികാരകേന്ദ്രമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നടപടികള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.