ഹൈകോടതി ഉത്തരവ്: പുനര്‍വിന്യസിക്കപ്പെടുന്ന അധ്യാപകര്‍ക്ക് തുണയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന് അടിസ്ഥാനമാക്കേണ്ടത് വിദ്യാഭ്യാസ അവകാശ നിയമമാണെന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്, അധികമെന്ന് കണ്ട് പുനര്‍വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട ഭൂരിഭാഗം അധ്യാപകര്‍ക്കും തുണയാകും. ക്ളാസ് അടിസ്ഥാനത്തില്‍ തസ്തികനിര്‍ണയം വേണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കാതെയാണ് സര്‍ക്കാര്‍ അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട കേസില്‍ സിംഗ്ള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കേരള വിദ്യാഭ്യാസ ചട്ടമല്ല, വിദ്യാഭ്യാസ അവകാശ നിയമമാണ് അനുപാതം നിര്‍ണയിക്കാന്‍ അവലംബിക്കേണ്ടതെന്ന് നേരത്തേ സിംഗ്ള്‍ ബെഞ്ച് വിധിച്ചിരുന്നു.

സ്കൂള്‍ അടിസ്ഥാനത്തിലാണ് തസ്തിക നിര്‍ണയം നടത്തേണ്ടതെന്ന നിലപാടിലാണ് സര്‍ക്കാര്‍ അപ്പീലുമായി മുന്നോട്ടുപോയത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് സമര്‍പ്പിച്ച അപ്പീലില്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ് സത്യവാങ്മൂലം നല്‍കിയത്. ഇത് തള്ളിയതോടെ അധികമെന്ന് കണ്ടത്തെിയ അധ്യാപകരില്‍ ഭൂരിപക്ഷത്തിനും സ്വന്തം സ്കൂളുകളില്‍ തുടരാനുള്ള സാഹചര്യമൊരുങ്ങും.

ക്ളാസ് അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തുന്നതോടെ മിക്ക സ്കൂളിലും അധികമെന്ന് കണ്ടവര്‍ക്ക് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകും. പല സ്കൂളിലും അധിക തസ്തികക്കും വഴിയൊരുങ്ങും. കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയംതന്നെ ഈവര്‍ഷം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍നിന്നുള്ള വിധികൂടി കാത്താണ് കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയം തുടരാന്‍ തീരുമാനിച്ചത്. അനുകൂലവിധി ലഭിച്ചാല്‍ സ്കൂള്‍ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാനായിരുന്നു നീക്കം.

പല സ്കൂളിലും കുട്ടികള്‍ വര്‍ധിച്ചിട്ടും തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ അധ്യാപക പാക്കേജിലെ ഉത്തരവിലെ വ്യവസ്ഥകള്‍ക്കെതിരെയാണ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചത്. നിശ്ചിത വര്‍ഷംവരെയുള്ള അധ്യാപകര്‍ക്ക് വിദ്യാഭ്യാസ അവകാശനിയമത്തിലെ അനുപാതവും അതിനുശേഷമുള്ളവര്‍ക്ക് പഴയ അനുപാതവും എന്ന രീതിയിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. കോടതിവിധിയോടെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കേണ്ടിവരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.