ട്രെയിനുകള്‍ ഓടിത്തുടങ്ങി; വൈകിയത് മണിക്കൂറുകള്‍

തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതിനത്തെുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും തിങ്കളാഴ്ചയും പൂര്‍വസ്ഥിതിയിലാക്കാനായില്ല. പാസഞ്ചര്‍ -മെമു ട്രെയിനുകളടക്കം റദ്ദാക്കിയതിനുപുറമെ  മിക്ക ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.
അതിനിടെ, ട്രെയിന്‍ പാളം തെറ്റിയതുമായി ബന്ധപ്പെട്ട് ഒരാളെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. എറണാകുളം അസി. ഡിവിഷനല്‍ എന്‍ജിനീയറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍ (പി.ഡബ്ള്യു.ഐ) രാജു ഫ്രാന്‍സിസാണ് സസ്പെന്‍ഷനിലായത്. കാലപ്പഴക്കംമൂലം പാളത്തില്‍ വിള്ളല്‍ കണ്ടത്തെിയിട്ടും ഉടന്‍ നടപടി എടുക്കാതിരുന്നതിനാണ് നടപടി. അള്‍ട്രാ സൗണ്ട് സ്കാനിങ്ങില്‍ പാളത്തിലെ പ്രശ്നങ്ങള്‍ കണ്ടുപിടിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അന്വേഷണം ചൊവ്വാഴ്ച ആരംഭിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളം- നിലമ്പൂര്‍ പാസഞ്ചര്‍,  നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍,  എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. കൊച്ചുവേളി-ഗരീബ്രഥ്, കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, കൊച്ചുവേളി -യശ്വന്ത്പൂര്‍  എക്സ്പ്രസുകള്‍ വൈകിയാണ് യാത്ര തുടങ്ങിയത്.
രാവിലെ 6.30നും 10നും ഇടയില്‍ തലസ്ഥാനത്ത് എത്തിച്ചേരേണ്ട മലബാര്‍, ജയന്തി, ഇന്‍റര്‍സിറ്റി എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളും മൂന്നു മുതല്‍ ആറു മണിക്കൂറോളം വൈകിയാണ് എത്തിയത്.  
മലബാറില്‍നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്കു പുറമെ തിരുവനന്തപുരം ആര്‍.സി.സിയിലേക്കുള്ള രോഗികളും സെക്രട്ടേറിയറ്റിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടക്കം നിരവധിപേരാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയതു കാരണം ഉദ്ദേശിച്ച സമയത്ത് ആര്‍ക്കും എത്താനായില്ല.
തൃശൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്ക് വരേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ പാലക്കാട്, ഈറോഡ് വഴിയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരില്‍നിന്ന് ഇന്നലെ രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം കോര്‍ബ എക്സ്പ്രസ് വൈകുന്നേരം 4.30നാണ് തിരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.