തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഇടത് സഹയാത്രികനും മുൻ എം.എൽ.എയുമായ സംവിധാകയൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സംവിധായികയുടെ പരാതിയിൽ അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ട്.
സംഭവം നടന്നെന്ന് പറയുന്ന സമയത്ത് യുവതിയും കുഞ്ഞുമുഹമ്മദും ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സംവിധായികയുടെ രഹസ്യമൊഴി തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് സംവിധായിക കോടതിയിലും ആവർത്തിച്ചത്. പി.ടി.കുഞ്ഞുമുഹമ്മദ് സെഷന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിനു ശേഷമാകും പൊലീസ് ചോദ്യം ചെയ്യുക.
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
ഐ.എഫ്.എഫ്.കെയിൽ മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.