????????????? ???????

അഭിലാഷ് വധം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ഇരിങ്ങാലക്കുട: കഴിഞ്ഞ തിരുവോണ നാളില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ വാസുപുരം സ്വദേശി കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ (31) വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ ഇരിങ്ങാലക്കുട അഡി. ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.  

ഒന്നാം പ്രതി ചെരുപ്പറമ്പില്‍ ഷാന്‍േറാ, രണ്ടാം പ്രതി കിഴക്കെപുരക്കല്‍ ജിത്തു, മൂന്നാം പ്രതി ചവറക്കാടന്‍ ശിവദാസ്, നാലാം പ്രതി പോട്ടക്കാരന്‍ ഡെന്നിസ്, ഏഴാം പ്രതി ഐനിക്കാടന്‍ രാജന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളെല്ലാം കൊടകര വാസുപുരം സ്വദേശികളാണ്.  കേസിലെ 18ല്‍ 13 പ്രതികളെ കഴിഞ്ഞ വെള്ളിയാഴ്ച അഡി. ജില്ലാ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ വെറുതെ വിട്ടിരുന്നു. ഐ.പി.സി 302, 324, 341, 143, 148 വകുപ്പുപ്രകാരം പ്രതികള്‍ യഥാക്രമം 75,000, 20,000, 5,000, 5,000, 10,000 രൂപ പിഴയും കോടതി വിധിച്ചു. പിഴയില്‍നിന്ന് രണ്ടുലക്ഷം നഷ്ടപരിഹാരമായി അഭിലാഷിന്‍െറ കുടുംബത്തിന് കൊടുക്കണം. പിഴയടക്കാത്തപക്ഷം ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം.

പിഴ നല്‍കാത്തപക്ഷം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീമില്‍നിന്ന് തുക നല്‍കണമെന്ന് കോടതി വിധിച്ചു. തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്ന് പ്രതികള്‍ കോടതിയോട് അപേക്ഷിച്ചു. എസ്. സുരേശനായിരുന്നു കേസിന്‍െറ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രതികള്‍ക്കുവേണ്ടി മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരായി. പ്രതികളെ പൊലീസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ തിരുവോണ നാളിലാണ് വാസുപുരം സ്വദേശിയും ബി.എം.എസ് പ്രവര്‍ത്തകനുമായ കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 12നാണ് കേസില്‍ പ്രതികളെ കുറ്റക്കാരനെന്ന് കണ്ടത്തെിയത്. 18 പ്രതികളുള്ള കേസില്‍ മറ്റുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു കൊടകര അഭിലാഷ് വധം.

വാസുപുരത്ത് ബി.ജെ.പി യൂനിറ്റ് ആരംഭിച്ചതിന്‍െറ ദേഷ്യമാണ് അഭിലാഷിനെ വധിക്കാന്‍ കാരണമെന്നായിരുന്നു ആരോപണം.  അഭിലാഷ് മുമ്പ് സി.പി.എം പ്രവര്‍ത്തകനായിരുന്നു. പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ബി.എം.എസിന്‍റെ ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍െറ യൂനിറ്റ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യം മൂലമാണ് അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. പട്ടാപ്പകല്‍ നടന്ന കൊലപാതകമായതിനാല്‍ ധാരാളം പേര്‍ സാക്ഷികളായിരുന്നു. പ്രധാന സാക്ഷികളുടെ മൊഴികള്‍ കേസിന് ബലമേകി. കേസിന്‍റെ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായത് നേരത്തെ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ക്രൂരപീഡനത്തിനിരയായി മരിച്ച സൗമ്യ വധക്കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എസ്. സുരേശനായിരുന്നു.  പ്രതികള്‍ക്കായി അഡ്വ. മഞ്ചേരി ശ്രീധരന്‍ നായരും, അഡ്വ.കെ.ഡി. ബാബുവും ഉള്‍പ്പെടെ ഹാജരായി. ഒന്നാം പ്രതി ഷാന്‍റോ എല്‍.എല്‍.ബി വിദ്യാര്‍ഥിയാണ്. പ്രതികള്‍ക്കെതിരെ കൊടകര, വെള്ളിക്കുളങ്ങര സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്. വെള്ളിക്കുളങ്ങര പൊലീസാണ് കേസ് അന്വേഷിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.