ആസൂത്രണ ബോര്‍ഡ് വിപുലീകരിച്ചു

തിരുവനന്തപുരം: പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിപുലീകരിച്ചു. അനൗദ്യോഗിക അംഗങ്ങളായി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഡോ. ടി. ജയരാമന്‍, പ്രഫ. ആര്‍. രാമകുമാര്‍, ഡല്‍ഹി ഐ.ഐ.ടിയിലെ ഡോ. ജയന്‍ ജോസ് തോമസ്, തിരുവനന്തപുരം സി.ഡി.എസിലെ കെ.എന്‍. ഹരിലാല്‍, കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, ന്യൂഡല്‍ഹി നെഹ്റു സ്മാരക ദേശീയ മ്യൂസിയം സീനിയര്‍ ഫെലോ ഡോ.കെ. രവിരാമന്‍, സി.ഡി.എസ് ഓണററി ഫെലോ ഡോ. മൃദുല്‍ ഈപ്പന്‍ എന്നിവരെ നിയമിച്ചു. ഇവരില്‍ മൃദുല്‍ ഈപ്പന്‍ ഒഴികെ എല്ലാവരും സി.പി.എം സഹയാത്രികരാണ്. ഡോ. കെ. രവിരാമന്‍ സി.പി.ഐയുടെ താല്‍പര്യ പ്രകാരമാണ് അംഗമായത്.
ഡോ.വി.കെ. രാമചന്ദ്രനെ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി നേരത്തേ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയാണ് ചെയര്‍മാന്‍. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ഐസക് എന്നിവരാണ് ബോര്‍ഡിലെ ഒൗദ്യോഗിക അംഗങ്ങള്‍. ചീഫ്സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറിയും സ്ഥിരംക്ഷണിതാക്കളാണ്. ആസൂത്രണ സെക്രട്ടറി മെംബര്‍ സെക്രട്ടറിയും.
സെന്‍റര്‍ ഫോര്‍ കൈ്ളമറ്റ് ചെയ്ഞ്ച് ആന്‍ഡ് സസ്റ്റൈനബിലിറ്റി സ്റ്റഡീസിന്‍െറയും സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് റിസര്‍ച് മെതഡോളജിയുടെയും ചെയര്‍പേഴ്സണ്‍ ആണ് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജയരാമന്‍.  മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പ്രഫ. ആര്‍. രാമകുമാര്‍ സ്കൂള്‍ ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡീനാണ്. കാര്‍ഷിക ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സിയും  കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ പിഎച്ച്.ഡിയും നേടി.  ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ജയന്‍ ജോസ് തോമസ് മുംബൈ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് ആന്‍ഡ് റിസര്‍ചില്‍നിന്ന് ഡെവലപ്മെന്‍റ് ഇക്കണോമിക്സില്‍ പിഎച്ച്.ഡി നേടി. ഡല്‍ഹി നെഹ്റു സ്മാരക മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലെ സീനിയര്‍ ഫെലോ ആയ ഡോ. കെ. രവിരാമന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ഓണററി റിസര്‍ച് ഫെലോയുമാണ്.
ഡോ. കെ.എന്‍. ഹരിലാലും ഡോ. മൃദുല്‍ ഈപ്പനും 2006 ലെ വി.എസ്. സര്‍ക്കാറിന്‍െറ കാലത്തും ഡോ. ബി. ഇക്ബാല്‍ 1996 ലെ ഇ.കെ. നായനാര്‍ സര്‍ക്കാറിന്‍െറ കാലത്തും ആസൂത്രണ ബോര്‍ഡ് അംഗങ്ങളായിരുന്നു. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ പ്രഫസറായ ഹരിലാല്‍ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ ഓണററി ഫെലോ ആണ് ഡോ. മൃദുല്‍ ഈപ്പന്‍. പൊതുജന ആരോഗ്യ പ്രവര്‍ത്തകനും അറിയപ്പെടുന്ന ന്യൂറോസര്‍ജനുമായ ഡോ. ബി. ഇക്ബാല്‍ 1996-2000ത്തില്‍ ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു. ജനകീയാസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.