എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് അതൃപ്തി. തന്‍റെ അടുത്ത നീക്കങ്ങൾ കോൺഗ്രസ് നേതാക്കളുമായും അണികളുമായും ആലോചിച്ച് തീരുമാനിക്കും എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ രണ്ടാം പട്ടിക പുറത്തു വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൽദോസ് കുന്നപ്പിള്ളി. സ്വതന്ത്രനായി മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും.
'പാർട്ടിയോട് പ്രതിഷേധമില്ല. ചെറുപ്പം മുതൽ പാർട്ടി പതാക പിടിക്കുന്ന ആളാണ്. പല പാർട്ടികളിൽ നിന്നും ഓഫറുകൾ വന്നിരുന്നു. ഞാൻ ഒന്നും സ്വീകരിച്ചില്ല. നിയമസഭ കിട്ടിയില്ലെങ്കിൽ പാർലമെന്‍റ് നോക്കുക എന്നതാണ് അടുത്ത ലക്ഷ്യം' -എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയെ തള്ളിപ്പറയില്ലെന്നും ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കിയതിൽ പ്രശ്നമില്ലെന്നും എന്നാൽ അത് നേരത്തെ പറയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയെ സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനിച്ചത്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാൽ ഹൈക്കമാൻഡ് സ്ഥാനാർഥിത്വം തടയുകയായിരുന്നു. പെരുമ്പാവൂർ സീറ്റിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടൻ മത്സരിക്കും. ഈ മാസം 26ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് വീണ്ടും കോടതിക്ക് മുമ്പിൽ എത്തുകയാണ്. ഈ സാഹചര്യത്തിലാണ് എൽദോസിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.