മക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞു;  നിസ്സഹായനായി മെഹറൂഫ്

കോട്ടക്കല്‍: ‘‘തങ്ങളുടെ വാഹനത്തിന് പിറകില്‍ എന്തോ തട്ടിയ ശബ്ദം മാത്രമാണ് കേട്ടത്. പിന്നെ ഭയാനകമായ ശബ്ദം’’- പാലച്ചിറമാട്ട് നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്‍ക്കിടിലം മാറുന്നില്ല. 

ഇന്നോവ കാറിന്‍െറ വലതുവശത്തായിരുന്നു മരിച്ച ഷംസീറും ഫൈസലും പര്‍വേസും. ഇവരുടെ പിതാവ് മെഹ്റൂഫ് മുന്‍വശത്തെ സീറ്റിലും മറ്റൊരു മകന്‍ മര്‍ഷാദ് പിറകിലുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മെഹ്റൂഫ് തെറിച്ചുവീണു. കാറിന്‍െറ വലതുവശം ഞെരിഞ്ഞമര്‍ന്നതോടെ രക്ഷപ്പെടാന്‍ പഴുത് ഇല്ലാതിരുന്നതും തിരിച്ചടിയായി. മക്കള്‍ പിടയുന്നത് നിസ്സഹായതയോടെ നോക്കിയിരിക്കാനേ മെഹ്റൂഫിന് കഴിഞ്ഞുള്ളൂ. മരിച്ചവരെ പുറത്തെടുത്താല്‍ മാത്രമേ പരിക്കേറ്റവരെ രക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പാലച്ചിറമാട്ടെ സേവിയേഴ്സ് അംഗങ്ങള്‍ പറഞ്ഞു. വാഹനം പൊളിച്ചെടുത്ത ശേഷമാണ് ഇവരെ പുറത്തെടുത്തത്. അഗ്നിശമനസേന യൂനിറ്റ് എത്താന്‍ വൈകിയതോടെ കൈയില്‍ ലഭിച്ച ആയുധങ്ങളും മറ്റും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. വെളിച്ചക്കുറവും സഹായത്തിന് ആളില്ലാതിരുന്നതും ദുരിതം ഇരട്ടിപ്പിച്ചു. കാര്‍ യാത്രികര്‍ കൊളപ്പുറത്തുനിന്ന് ചായ കുടിച്ച് വീണ്ടും യാത്ര തുടരുന്നതിനിടെയാണ് അപകടം നടന്നത്.

അപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ അശ്രദ്ധ –ആര്‍.ടി.ഒ
കോട്ടക്കല്‍: ദേശീയപാതയില്‍ പാലച്ചിറമാട്ട് നാലുപേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ആര്‍.ടി.ഒ അജിത്കുമാര്‍. നിരുത്തരവാദപരമായ ഡ്രൈവിങ്ങാണ് നടത്തിയിരുന്നതെന്നാണ് മനസ്സിലാകുന്നത്. വാഹനങ്ങളുടെ അകലം, വേഗത എന്നിവ കൃത്യമല്ലായിരുന്നു. 
വാഹനത്തില്‍ ലോഡ് കൂടുതലുണ്ടായതും അപകടത്തിന് കാരണമായി. കാബിനും കണ്ടെയ്നറും യോജിപ്പിക്കുന്ന ‘ടേണ്‍ ടേബിള്‍’ ആര്‍.ടി.ഒയും സംഘവും കണ്ടെടുത്തു. ഇത് തേയ്മാനം വന്ന നിലയിലാണ്. ഇതും അപകടത്തിന് കാരണമായോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.വി.ഐ അനുമോദ്, തിരൂരങ്ങാടി ജോയന്‍റ് ആര്‍.ടി.ഒ ഇന്‍ചാര്‍ജ് അബ്ദുല്‍ സുബൈര്‍, എ.എം.വി.ഐ മുഹമ്മദ് ഷഫീഖ്, ധനേഷ്, രണ്‍ദീപ് എന്നിവരും പരിശോധന നടത്തി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.