ആകെ പത്രികകള്‍ 1647

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ 140 മണ്ഡലങ്ങളില്‍ 1647 സ്ഥാനാര്‍ഥികള്‍. അപരന്മാരടക്കം കൂട്ടത്തോടെ രംഗത്തുവന്ന അവസാന ദിവസം 734  പത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ മലപ്പുറം ജില്ലയിലാണ് -204 എണ്ണം. കുറവ്  വയനാട്ടില്‍ -41.
2011ലെ തെരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് ലഭിച്ചിരുന്നത്. ഇക്കുറി 274 പത്രിക അധികം ലഭിച്ചു. എല്ലാ ജില്ലകളിലും സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. തിങ്കളാഴ്ച വൈകുന്നേരം മുന്നുവരെയാണ് പിന്‍വലിക്കാനുള്ള സമയം. അന്നുതന്നെ ചിഹ്നവും അനുവദിക്കും. ഡമ്മികളും തള്ളുന്നതും പിന്‍വലിക്കുന്നതും പൂര്‍ത്തിയാകുന്നതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം കുറയും. 971 സ്ഥാനാര്‍ഥികളേ കഴിഞ്ഞ പ്രാവശ്യം മത്സരരംഗത്ത് അവശേഷിച്ചുള്ളൂ.
ജില്ലകളില്‍ ലഭിച്ച പത്രികകളുടെ എണ്ണം ചുവടെ.  ബ്രാക്കറ്റില്‍ കഴിഞ്ഞ പ്രാവശ്യം ലഭിച്ച പത്രികകള്‍. കാസര്‍കോട് 60 (54) , കണ്ണൂര്‍ 127 (119), വയനാട് 41 (24), കോഴിക്കോട് 168(141), മലപ്പുറം204 (146) , പാലക്കാട് 128 (115), തൃശൂര്‍ 135 (122) , എറണാകുളം187 (134) , ഇടുക്കി 61 (53), കോട്ടയം104 (80), ആലപ്പുഴ 98 (87), പത്തനംതിട്ട 55 (50), കൊല്ലം 115 (95), തിരുവനന്തപുരം 164 (153).
പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹരിപ്പാട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നേമത്ത് ബി.ജെ.പിയിലെ ഒ. രാജഗോപാലും പത്രിക നല്‍കി. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, കെ. ബാബു, കെ.സി. ജോസഫ് അടക്കമുള്ളവരും കെ. സുധാകരന്‍, കെ.ബി. ഗണേഷ് കുമാര്‍, ഭീമന്‍ രഘു എന്നിവരും ഇന്നലെ പത്രിക നല്‍കിയവരില്‍പെടും. ഇടതു സ്ഥാനാര്‍ഥികള്‍ നേരത്തേതന്നെ പത്രിക നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.