ആയാംകുടി പാര്‍ക്കില്‍ മസ്ജിദ് ഒരുക്കി വിദേശ മലയാളി

കടുത്തുരുത്തി: മനുഷ്യന്‍ മതത്തിന്‍െറ പേരില്‍ ചുവരുകള്‍ തീര്‍ക്കുമ്പോള്‍ മതസഹിഷ്ണുതയുടെ ഉദാത്ത മാതൃകയായി വിദേശ മലയാളി. ആയാംകുടിയില്‍ ആരംഭിക്കുന്ന അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കില്‍ എത്തുന്ന ഇസ്ലാം മത വിശ്വാസികള്‍ക്ക് നമസ്കരിക്കാന്‍ മസ്ജിദ് തന്നെ നിര്‍മിച്ചു. പാര്‍ക്കിന്‍െറ മാനേജിങ് ഡയറക്ടര്‍ ആയാംകുടി കളപ്പുരക്കല്‍ എന്‍.കെ. കുര്യനാണ് പള്ളി പണിതത്. ആരാധനാലയത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നമസ്കരിക്കാന്‍ പ്രത്യേകം മുറികളും അനുബന്ധ സൗകര്യവും സജ്ജമാക്കി. കുര്യന്‍ വിദേശത്ത് ബിസിനസ് നടത്തുകയാണ്. 12 വര്‍ഷമായി പണി നടക്കുന്ന പാര്‍ക്ക് സന്ദര്‍ശിക്കാന്‍ വിദേശികളായ മുസ്ലിം സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ നമസ്കരിക്കാനുള്ള സൗകര്യം കിട്ടാതെ വലഞ്ഞു. സമീപത്ത് ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും ധാരാളമുണ്ടെങ്കിലും മുസ്ലിം പള്ളി കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ്.

നമസ്കാരം നിര്‍വഹിക്കാന്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നതിന്‍െറ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സ്വന്തം പാര്‍ക്കില്‍ മസ്ജിദ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. മാംഗോ മെഡോസ് എന്ന പേരിലുള്ള പാര്‍ക്കില്‍ മനോഹരമായി പണിത മാംഗോ മസ്ജിദ് വിശ്വാസികള്‍ക്കായി ഒരുങ്ങി. കുര്യന്‍െറ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്ത് നൂതനമായ സംരംഭം ആരംഭിക്കുന്നത്. ഇതിനകം ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണവുമായി വിക്കിപീഡിയയില്‍ ഇടംപിടിച്ചു.

2500ലധികം സസ്യജാലങ്ങള്‍ നിറഞ്ഞ ആയുര്‍വേദ പ്ളാന്‍റില്‍ 700ലധികം പച്ചക്കറികളും പഴവര്‍ഗങ്ങളുമുണ്ട്. പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിപ്പടര്‍പ്പുകളുമാണ് മാംഗോ മെഡോസിന്‍െറ പ്രധാന ആകര്‍ഷണം. അന്യംനില്‍ക്കുന്ന വൃക്ഷങ്ങളും സസ്യലതാതികളും വളര്‍ത്തുന്നു. കേരളത്തില്‍ കണ്ടത്തെിയ എല്ലാ നാടന്‍ വളര്‍ത്തുമത്സ്യങ്ങളും നാലര ഏക്കറിലധികം വരുന്ന നാലു കുളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിന് ആധുനിക കുളവും ഭീമന്‍ അക്വേറിയവും ആകര്‍ഷകമാണ്. പാര്‍ക്കിന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സോളാറും കാറ്റാടി യന്ത്രവും ഉപയോഗിക്കും.

പരശുരാമന്‍െറ കൂറ്റന്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഫാമിന്‍െറ ഒരുവശത്തെ കൈത്തോട് പ്രയോജനപ്പെടുത്തി കരിയാറുമായി ബന്ധിപ്പിക്കുന്ന ബോട്ടിങ് സൗകര്യം, കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്ക്, മലഞ്ചെരുവില്‍ വളര്‍ന്നുനില്‍ക്കുന്ന തേയിലത്തോട്ടം എന്നിവയും പ്രത്യേകതകളാണ്. വിനോദത്തിനൊപ്പം വരുമാനവും ലക്ഷ്യമിട്ടാണ് സംരംഭം. 1995 മുതല്‍ ദുബൈയില്‍ ബിസിനസ് നടത്തുന്ന കുര്യന്‍ സമ്പാദ്യം നാടിന്‍െറ തനിമ വിളിച്ചറിയിക്കാന്‍ വിനിയോഗിച്ചതിലുള്ള സംതൃപ്തിയിലാണ് കുടുംബം. വീട്ടമ്മയായ ഭാര്യ ലതികയും സഹായത്തിനുണ്ട്. കെവിന്‍, കിരണ്‍, കൃപ, മരിയ എന്നിവര്‍ മക്കളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.