പൂരത്തിലെ ആന പീഡനം: റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിച്ചത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു. ഒരു വെറ്ററിനറി ഡോക്ടറും പീപ്പ്ള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് അനിമല്‍സ് (പെറ്റ) ഇന്ത്യയുടെ സഹോദര സംഘടനയായ അനിമല്‍ രാഹതിന്‍െറയും മൃഗക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട പരിശോധനാ സംഘത്തിന്‍െറയും റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച സമര്‍പ്പിച്ചത്.
കാഴ്ചവൈകല്യം, മുറിവുകള്‍, പൊട്ടില്‍ നഖം എന്നിവ മൂലം പ്രയാസപ്പെടുന്ന ആനകളെ എഴുന്നള്ളിച്ചിട്ടുണ്ട്. ഇവക്ക് സംസ്ഥാന വനം -വന്യജീവി, മൃഗസംരക്ഷണ വകുപ്പുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് നിയമാനുസൃതമല്ല. നിരോധിക്കപ്പെട്ട തോട്ടി പോലുള്ള പീഡന ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. നാലുകാലും ചങ്ങലയില്‍ ബന്ധിച്ച് സൂര്യനില്‍നിന്ന് സംരക്ഷണമില്ലാതെ മണിക്കൂറുകളോളം നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ആവശ്യത്തിന് വെള്ളം കൊടുക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. എഴുന്നള്ളിച്ച 67 ആനകളില്‍ 31 എണ്ണത്തിന് സാധുവായ ഉടമാവകാശ സര്‍ട്ടിഫിക്കറ്റില്ല. വിഡിയോ, ഫോട്ടോ എന്നിവ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകളും മൃഗ സംരക്ഷണ നിയമത്തിലെ വിവിധ വ്യവസ്ഥകളും ലംഘിച്ചാണ് ആനകളെ എഴുന്നള്ളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പൂരത്തിന് എഴുന്നള്ളിച്ച ആനകളുടെ ആരോഗ്യ, ഉടമാവകാശ പരിശോധന സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നടത്താനും നിയമലംഘനത്തിന് നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആനകളെ പരിശോധിക്കാന്‍ സംഘത്തിന് അനുമതി നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.