സംസ്ഥാനത്ത് പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍  പോളിങ് സമയം 11 മണിക്കൂറാക്കി വര്‍ധിപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍െറ ഉത്തരവ്. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് തപാല്‍ മുഖേന അയച്ച തെരഞ്ഞെടുപ്പ് കമീഷന്‍െറ സര്‍ക്കുലറിലാണ് വൈകീട്ട് ആറ് വരെയാക്കി ഉയര്‍ത്തിയ അറിയിപ്പുള്ളത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പോളിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു.
കടുത്ത വേനല്‍ച്ചൂടില്‍  ക്ഷീണവും അവശതയും അനുഭവപ്പെടുന്ന സമയമായതിനാലാണ് പോളിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍  തെരഞ്ഞെടുപ്പ് കമീഷനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം വോട്ടിങ് സമയം ഒരു മണിക്കൂര്‍ കൂട്ടി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും റിട്ടേണിങ് ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ളെന്നാണ് ഇതുസംബന്ധിച്ച് അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്ത് പ്രശ്ന ബാധിത ബൂത്തുകള്‍ ഇല്ലാത്തതും പോളിങ് സമയം കൂട്ടാന്‍ കാണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പോളിങ് സമയം കൂട്ടിയതില്‍ ആശങ്കയുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്‍െറ  തീരുമാനമായതിനാല്‍ പരസ്യ പ്രതികരണത്തിന് സര്‍വിസ് സംഘടനകളും മുതിര്‍ന്നിട്ടില്ല. അതേസമയം പോളിങ് സമയം കൂട്ടിയത് തികച്ചും അനുഗ്രഹമായിരിക്കുമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.