മല്യക്ക് സര്‍ക്കാര്‍ ഭൂമി വിറ്റത് 11 വര്‍ഷം മുമ്പുള്ള വിലയുടെ അടിസ്ഥാനത്തില്‍

പാലക്കാട്: മദ്യരാജാവ് വിജയ് മല്യക്ക് ചുളുവിലയ്ക്ക് 20 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിറ്റത് 11 വര്‍ഷം മുമ്പ് നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍. 2005ല്‍ നിശ്ചയിച്ച വിലയുടെ പലിശയടക്കം ആനുപാതിക വര്‍ധന ഈടാക്കിയാണ്, സെന്‍റ് ഒന്നിന് മൂന്നുലക്ഷം രൂപ മാര്‍ക്കറ്റ് വിലയുള്ള സ്ഥലത്ത് 70,000 രൂപ വീതം വാങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കിയത്. 2013 ഏപ്രില്‍ 23ന് ഭൂമി കൈമാറ്റം നടന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
പാലക്കാട്-കോയമ്പത്തൂര്‍ നാലുവരി ദേശീയപാതയുടെ ഓരത്ത് പുതുശ്ശേരി വെസ്റ്റ് വില്ളേജിലെ കഞ്ചിക്കോട്ടാണ് വിജയ് മല്യയുടെ യുനൈറ്റഡ് ബ്രൂവറീസ് എന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ ഭൂമി ലഭിച്ചത്. 14,03,26,576 കോടി യു.ബി ഗ്രൂപ്പില്‍നിന്ന് ഈടാക്കിയതായാണ് വിവരാവകാശപ്രകാരം പുറത്തുവന്ന രേഖ.
70,000 രൂപ സെന്‍റിന് കണക്കാക്കി റവന്യു-രജിസ്ട്രേഷന്‍ ചെലവടക്കം ചേര്‍ത്താണ് തുക ഈടാക്കിയതത്രെ.  മാര്‍ക്കറ്റ് വില പ്രകാരം 60 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്താണിത്. കഞ്ചിക്കോട്ടെ പ്രീകോട്ട് മില്ലിന്‍െറ ഉടമയായ കോയമ്പത്തൂര്‍ സ്വദേശിയില്‍നിന്ന്  പ്രീമിയര്‍ ബ്രൂവറീസ് എന്ന സ്ഥാപനം വിജയ് മല്യ വാങ്ങിയതിനുശേഷമാണ് യുനൈറ്റഡ് ബ്രൂവറീസ് എന്ന പേരില്‍ കിങ് ഫിഷര്‍ ബിയര്‍ ഉല്‍പാദനം തുടങ്ങിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന്‍െറ കൈവശമുണ്ടായിരുന്ന 586 ഏക്കറില്‍നിന്ന് ചിറ്റൂര്‍ ഷുഗേഴ്സ് എന്ന സഹകരണ സ്ഥാപനം വഴി 1971ല്‍ പ്രീമിയര്‍ ബ്രൂവറീസിന് പാട്ടവ്യവസ്ഥയില്‍ ലഭ്യമായ 20 ഏക്കറാണ് വര്‍ഷങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍  വിജയ് മല്യ അധീനതയിലാക്കിയത്.
പാട്ടവ്യവസ്ഥയിലായിരുന്ന ഈ ഭൂമിക്ക് 1985 മേയില്‍ സര്‍ക്കാര്‍ താല്‍ക്കാലിക പട്ടയം നല്‍കിയിരുന്നു. ഇത് യഥാര്‍ഥ പട്ടയമാക്കി തരണമെന്നാവശ്യപ്പെട്ട് വിജയ് മല്യയുടെ യു.ബി ഗ്രൂപ് 2005ലാണ് റവന്യു വകുപ്പിന് അപേക്ഷ നല്‍കുന്നത്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇതുപ്രകാരം സെന്‍റിന് 20,000 രൂപ കണക്കാക്കി പട്ടയം നല്‍കാന്‍ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ യാഥാര്‍ഥ്യമായില്ല.
2006ല്‍ ഭരണമാറ്റം ഉണ്ടായതിനെതുടര്‍ന്ന്  തുടര്‍നടപടി ഉണ്ടായതുമില്ല. അന്ന് നിശ്ചയിച്ച 20,000 രൂപയും പലിശയടക്കമുള്ള അനുബന്ധ ഇനങ്ങളും ചേര്‍ത്താണ് ഏറ്റവും ഒടുവില്‍ മല്യക്ക് ഇത്രയും ഭൂമിയുടെ പട്ടയം നല്‍കിയത്. ഇതെല്ലാം ചേര്‍ത്തപ്പോഴാണ് സെന്‍റ് ഒന്നിന് 70,000 രൂപ ആയതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രം അനുവദിച്ച ഐ.ഐ.ടിക്കായി കഞ്ചിക്കോട്ട് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് 11 വര്‍ഷം മുമ്പ് നിശ്ചയിച്ച വില പുതുക്കുക കൂടി ചെയ്യാതെ ആനുപാതിക വര്‍ധന മാത്രം വരുത്തി മദ്യരാജാവിന് 20 ഏക്കര്‍ നല്‍കിയത്.
ഐ.ഐ.ടി, നിര്‍ദിഷ്ട കോച്ച് ഫാക്ടറി എന്നിവ വരാനിരിക്കുന്ന അതേ പഞ്ചായത്തില്‍ തന്നെയാണ് മല്യക്ക് നല്‍കിയ ഭൂമിയും. വിജയ് മല്യയുടെ സ്ഥാപനത്തിന് ഭൂമി വിറ്റതിന്‍െറ വിശദാംശങ്ങള്‍ അറിയില്ളെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. എന്നാല്‍,  വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിവ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.