മെത്രാന്‍ കായല്‍: കമ്പനി മുന്നോട്ടുതന്നെ

കൊച്ചി: മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതി റദ്ദാക്കിയ റവന്യൂ വകുപ്പിന്‍െറ ഉത്തരവ് നിലനില്‍ക്കേ ഫാം ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി കമ്പനി കോടതി മുഖേന മുന്നോട്ട്. സര്‍ക്കാര്‍ തടഞ്ഞിട്ടും കുമരകം ഇക്കോ ടൂറിസം വില്ളേജ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തെ വെള്ളം വറ്റിക്കാനും ബണ്ട് നിര്‍മിക്കാനുമുള്ള അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് റാക് ഇന്‍ഡോ ഡെവലപ്പേഴ്സ് എന്ന കമ്പനി ഹൈകോടതിയെ സമീപിച്ചത്.
ഇവരുടെ ആവശ്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ കോട്ടയം കലക്ടര്‍ക്ക് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശവും നല്‍കി. കുമരകത്തെ മെത്രാന്‍ കായല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരണമെന്ന് ഇതേ ബെഞ്ച്തന്നെ നേരത്തേ ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് കായല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മെത്രാന്‍ കായലിന്‍െറ ഭാഗമായ 7.80 ഹെക്ടറിന്‍െറ ഉടമയായ എന്‍.കെ. അലക്സാണ്ടര്‍ നല്‍കിയ ഹരജിയിലായിരുന്നു മുന്‍ ഉത്തരവ്. ഇതേ ഹരജിയില്‍ എതിര്‍കക്ഷി എന്നനിലയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി അനുമതി തേടിയത്.
ഹരജിക്കാരന്‍െറ സ്ഥലം ഏറ്റെടുക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ഹരജിക്കാരന് ആവശ്യമെങ്കില്‍ ചെറിയ ചെലവില്‍ ബണ്ട് കെട്ടിത്തിരിച്ച് കൃഷി തുടരാവുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ വിശദീകരണത്തിനൊപ്പമാണ് വെള്ളം വറ്റിക്കാനും ബണ്ട് നിര്‍മാണത്തിനുംകൂടി കമ്പനി അനുമതി തേടിയത്. ഇതുസംബന്ധിച്ച പ്രത്യേക അപേക്ഷയും നല്‍കി. അതേസമയം, പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ളെന്നും ഇക്കാര്യത്തില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കാമെന്നും കമ്പനി വ്യക്തമാക്കി. ഈ അപേക്ഷ പരിഗണിച്ചാണ് ആവശ്യം കലക്ടറുടെ തീരുമാനത്തിനുവിട്ട് കോടതി ഇടക്കാല ഉത്തരവിട്ടത്.
കൃഷിക്കായി മാത്രം ഉപയോഗിക്കാവുന്ന ഭൂമിയാണ് മെത്രാന്‍ കായലെന്നും 2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും നീര്‍ത്തട സംരക്ഷണവും മാനേജ്മെന്‍റുമായി ബന്ധപ്പെട്ട കേന്ദ്ര നിയമവും ലംഘിച്ചാണ് റവന്യൂ വകുപ്പിന്‍െറ ഉത്തരവുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഭവിഷ്യത്തുകള്‍ വിലയിരുത്താതെയാണ് കലക്ടര്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടതെന്നായിരുന്നു ഹരജിയിലെ വാദം. സര്‍ക്കാര്‍ ഉത്തരവ് കോടതികയറുകയും ഉത്തരവിനെതിരെ പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് നെല്‍വയല്‍ -തണ്ണീര്‍ത്തട വിഭാഗത്തില്‍ വരുന്ന ഭൂപ്രദേശത്തിന് രൂപമാറ്റം വരുത്താന്‍ അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 15നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവും കോടതിയുടെ ഇടക്കാല ഉത്തരവും നിലനില്‍ക്കേ മാര്‍ച്ച് 31നാണ് കമ്പനി സത്യവാങ്മൂലം തയാറാക്കിയത്. സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചാലും നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നതിന്‍െറ സൂചന നല്‍കിയാണ് ബണ്ട് നിര്‍മാണത്തിനും വെള്ളം വറ്റിക്കലിനും കമ്പനി കോടതിയുടെ അനുമതി തേടിയത്. ഇനി ഇക്കാര്യത്തില്‍ കോട്ടയം കലക്ടറാണ് തീരുമാനമെടുക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.