പട്ടാപ്പകല്‍ ജ്വല്ലറിയിലത്തെിയ സംഘം രണ്ട് മിനിറ്റില്‍ 56 പവന്‍ കവര്‍ന്നു

പാലക്കാട്: പട്ടാപ്പകല്‍ നഗരമധ്യത്തിലെ ജ്വല്ലറിയില്‍നിന്ന് ഹിന്ദി സംസാരിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഞ്ചംഗ സംഘം രണ്ട് മിനിറ്റിനകം 56 പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്നുകളഞ്ഞു. ജി.ബി റോഡിലെ തുളസി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം. സംഘത്തിലെ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയാണ് സ്വര്‍ണമടങ്ങിയ പെട്ടി ജ്വല്ലറിയിലെ അലമാരയില്‍നിന്ന് മോഷ്ടിച്ച് സംഘത്തിലൊരാളെ ഏല്‍പ്പിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി.
പാലക്കാട് രാംനഗര്‍ ‘ലക്ഷ്മിശ്രീ’യില്‍ ബാലകൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കടയുടമയുടെ മകന്‍ തുളസീദാസും ജീവനക്കാരും ചേര്‍ന്ന് ആഭരണങ്ങള്‍ അലമാരയില്‍ സെറ്റ് ചെയ്യുമ്പോഴാണ് സംഘം കടയിലേക്ക് പ്രവേശിച്ചത്. സമീപത്തെ മറ്റൊരു സ്വര്‍ണക്കടയില്‍ കയറിയ ശേഷമാണ് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് മഹാരാഷ്ട്രക്കാരുടെ വേഷവിധാനത്തില്‍ സംഘം ‘തുളസി’ജ്വല്ലറിയിലേക്ക് എത്തിയത്. ലോക്കറ്റ് വേണമെന്നാണ് ഹിന്ദിയില്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടത്.
സംഘത്തില്‍ മൂന്ന് സ്ത്രീകളും 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. ലോക്കറ്റ് കാണിക്കാന്‍ കടയുടെ ഒരു ഭാഗത്തേക്ക് ജീവനക്കാര്‍ നീങ്ങിയപ്പോള്‍ പെണ്‍കുട്ടി കാബിനിനുള്ളിലേക്ക് സമര്‍ഥമായി കടന്നു. പെണ്‍കുട്ടിയെ ജീവനക്കാര്‍ കാണാതിരിക്കാന്‍ മറ്റു സ്ത്രീകള്‍ ശ്രമിച്ചു. സ്വര്‍ണമടങ്ങിയ പെട്ടി താഴത്തെ അറയില്‍നിന്ന് കൈക്കലാക്കിയ പെണ്‍കുട്ടി അത് ആണ്‍കുട്ടിക്ക് നല്‍കുകയായിരുന്നു. ആണ്‍കുട്ടി പെട്ടി പാന്‍റിന്‍െറ കീശയില്‍ ഒളിപ്പിക്കുന്ന ദൃശ്യവും കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. 10.32ന് കടയില്‍ കയറിയ സംഘം 10.34ന് സ്ഥലംവിട്ടു. ജീവനക്കാര്‍ സംശയം തോന്നി സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് പെട്ടി മോഷ്ടിച്ചതായി വ്യക്തമായത്. ഉടന്‍ ജീവനക്കാര്‍ ബൈക്കിലും ഓട്ടോയിലുമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.  
കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നഗരത്തിലും പുറത്തും വ്യാപകമായി വലവിരിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. വാളയാര്‍ ടോള്‍പ്ളാസ അടക്കം അതിര്‍ത്തിയിലും പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. മറാത്തി കുടുംബമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. പാലക്കാട് ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍ ജ്വല്ലറിയില്‍ പരിശോധന നടത്തി. പ്ളാസ്റ്റിക് പെട്ടിയില്‍ പത്ത് കവറുകളിലായി സൂക്ഷിച്ച ഒരു പവന്‍െറ എട്ട് സ്വര്‍ണനാണയം, മോതിരങ്ങള്‍, താലി, ബ്രേസ്ലെറ്റ്, സ്റ്റഡ്, പാദസരം, ജിമിക്കി എന്നിവയാണ് നഷ്ടമായത്. ടൗണ്‍ നോര്‍ത് പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.