കേന്ദ്രത്തോട് 117 കോടി ആവശ്യപ്പെടും

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരമായി 117 കോടി വേണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം 48 കോടി മാത്രമേ അനുവദിക്കാന്‍ കഴിയൂ.
എന്നാല്‍, പരവൂര്‍ ദുരന്തത്തിന് പ്രത്യേക പരിഗണന നല്‍ണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം. കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അഡീഷനല്‍ ചീഫ് സെക്രട്ടറി (റവന്യൂ) ബിശ്വാസ് മത്തേ ഡല്‍ഹിക്ക് പോയി. അപകടത്തില്‍ 92 കോടിയുടെ നാശനഷ്ടം സംഭവിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്നതിനാണ് കേന്ദ്ര സഹായം ആവശ്യപ്പെട്ടതെന്ന് ദുരന്തനിവാരണ സമിതി അംഗം ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമാനമായി പൊള്ളല്‍ ചികിത്സാ വാര്‍ഡ് സ്ഥാപിക്കണം. ഇതിനു മൂന്നുകോടി വേണം. പ്രദേശത്തെ ജനങ്ങള്‍ക്ക് മന$ശാസ്ത്ര-സാമൂഹിക പരിശീലനത്തിന് 1.20 കോടിയും വേണ്ടിവരും. മണ്ണും വെള്ളവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നതിന് ഒമ്പതു കോടിയും ആവശ്യപ്പെട്ടു.
വെടിക്കെട്ടില്‍ പൂര്‍ണമായി തകര്‍ന്നത് 100 വീടുകളാണ്. ഇവ പുനര്‍നിര്‍മിക്കുന്നതിന് 15 കോടിയും ഭാഗികമായി തകര്‍ന്ന 409 വീടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് 10 കോടിയും വേണ്ടിവരും. ചെറിയ കേടുപാടുള്ള വീടുകളുടെ എണ്ണം 1484 ആണ്. ഇവ നന്നാക്കാന്‍ 14.84 കോടി വേണം. കിണറുകള്‍ ശുദ്ധീകരിക്കുന്നതിന് 50 ലക്ഷവും വൈദ്യുതി ലൈനുകളും ട്രാന്‍സ്ഫോര്‍മറും തകര്‍ന്നത് ശരിയാക്കുന്നതിന് രണ്ട് കോടിയും കണക്കാക്കിയിരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മാത്രം 1.33 കോടി ചെലവായിട്ടുണ്ട്. പ്രദേശത്ത് 1.58 കോടിയുടെ കൃഷി നാശവും സംഭവിച്ചു.
പുനരധിവാസ പാക്കേജിന് 15 കോടിയാണ് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 കോടി ധനസഹായവും പുനരധിവാസ പാക്കേജിനുള്ള 15കോടിയും ഉള്‍പ്പെടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണം. സംസ്ഥാനത്ത് സൂനാമി കഴിഞ്ഞാല്‍ വലിയ ദുരന്തമാണ് പുറ്റിങ്ങല്‍ വെടിക്കെട്ടെന്ന് അഡീഷനല്‍ ചീഫ്സെക്രട്ടറി ബിശ്വാസ് മത്തേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.