ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം

കോട്ടയം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മതിയെന്ന് സര്‍ക്കാര്‍ തീരുമാനം.  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെന്നും നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലീസും റവന്യൂ വകുപ്പും തമ്മിലുള്ള കലഹം മൂര്‍ഛിച്ചിക്കുകയും ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറാനുള്ള തീരുമാനം വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി മതിയെന്ന തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്.
പരവൂരില്‍ റവന്യൂവകുപ്പിനും  ജില്ലാ ഭരണകൂടത്തിനും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പൊലീസിനെതിരെ മാത്രം നടപടിയെടുത്താല്‍ സേനയുടെ മനോവീര്യം തകര്‍ക്കുമെന്നുമുള്ള ഡി.ജി.പിയുടെ അഭിപ്രായവും കണക്കിലെടുത്തിട്ടുണ്ട്. അതേസമയം, ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പൊലീസ് ഉന്നതര്‍ പൂര്‍ണമായും അവഗണിച്ചതാണ് വന്‍ദുരന്തത്തിലേക്ക് എത്തിച്ചതെന്ന നിലപാടിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍. ഇതിനായി ഒട്ടേറെ തെളിവുകളും റവന്യൂവകുപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, കൊല്ലം എ.ഡി.എം വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നും തിങ്കളാഴ്ച എറണാകുളത്തുനിന്ന് കൊല്ലത്ത് എത്തിയ ശേഷം രേഖാമൂലം ഉത്തരവ് നല്‍കാമെന്ന് എ.ഡി.എം പറഞ്ഞിരുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സംഭവ ദിവസം തഹസില്‍ദാര്‍ തിരുവനന്തപുരത്തെ വസതിയിലായിരുന്നുവെന്നും പരവൂര്‍ വില്ളേജ് ഓഫിസര്‍ പുലര്‍ച്ചെ 5.30ന് ദുരന്തവിവരം തഹസില്‍ദാറെ ഫോണില്‍ അറിയിച്ചുവെന്നും പൊലീസ് പറയുന്നു. ദുരന്തവിവരം തഹസില്‍ദാര്‍ അറിയുന്നത് പുലര്‍ച്ചെ മാത്രമാണ്. ഉത്തരവാദിത്തപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരാരും വെടിക്കെട്ട് നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. ക്ഷേത്രഭാരവാഹികളുമായി വെടിക്കെട്ടിന് തൊട്ടുമുമ്പുള്ള ദിവസം പോലും ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. വെടിക്കെട്ടിന് അനുമതി നിഷധിച്ചാല്‍ തന്നെ അത് തലേന്ന് ആകരുതെന്നും ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഇതിനുള്ള നടപടി സ്വീകരിക്കാമായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കലക്ടര്‍ നിരോധിച്ച വെടിക്കെട്ട് തടയുന്നതില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായാണ് നളിനി നെറ്റോയുടെ കണ്ടത്തെല്‍. കലക്ടറുടെ റിപ്പോര്‍ട്ടും പൊലീസിന് എതിരാണ്.
ദുരന്ത ദിവസം കൊല്ലം ജില്ലയില്‍ 33 ഇടത്തും സംസ്ഥാനത്ത് അഞ്ഞൂറിലധികം സ്ഥലത്തും ഉത്സവങ്ങള്‍ നടന്നിരുന്നുവെന്നും ഇവിടെയെല്ലാം പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും എന്നാല്‍, സേനയുടെ അംഗബലം കൂടി കണക്കിലെടുക്കണമെന്നുമാണ് ഡി.ജി.പി സെന്‍കുമാര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.