കമ്പപ്പെരുമ ബാക്കിയാക്കി സുരേന്ദ്രനാശാന്‍ യാത്രയായി

കഴക്കൂട്ടം: സുരേന്ദ്രനാശാന്‍ യാത്രയായത് കഴക്കൂട്ടത്തിന്‍െറ കമ്പക്കെട്ട് പെരുമ ബാക്കിയാക്കി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുഞ്ഞന്‍ പണിക്കരിലൂടെ ആരംഭിച്ചതാണ് ആ പെരുമ. തുടര്‍ന്ന് അര്‍ജുനന്‍ പണിക്കരിലൂടെ സുരേന്ദ്രനാശാനിലത്തെി നില്‍ക്കുകയായിരുന്നു. കമ്പത്തിനോടുള്ള കമ്പം കാരണം സുരേന്ദ്രന്‍, അര്‍ജുനന്‍ പണിക്കരുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു.

തെക്കന്‍ കേരളത്തിലെ പേരെടുത്ത കമ്പക്കാരായിരുന്നു അര്‍ജുനന്‍ പണിക്കരും ജ്യേഷ്ഠന്‍ കുഞ്ഞന്‍ പണിക്കരും. പൂഴിക്കുന്നാശാന്മാര്‍ക്കൊപ്പം കമ്പക്കെട്ടില്‍ സ്ഥാനം നേടിയവര്‍. ഇവരില്‍നിന്ന് ഹൃദിസ്ഥമാക്കിയ അറിവാണ് സുരേന്ദ്രനെ കഴക്കൂട്ടം സുരേന്ദ്രനെന്ന ആശാനാക്കി മാറ്റിയത്. തുടക്കത്തില്‍ മഹാദേവ കെമിക്കല്‍സ് സ്ഥാപനം തുടങ്ങിയ അദ്ദേഹം ഇടക്ക് വിദേശത്തു പോയി. മടങ്ങിവന്നശേഷമാണ് കമ്പക്കെട്ടിന് തുടക്കമിട്ടത്. ഏറ്റെടുക്കുന്ന ഏതു കമ്പത്തിനും തന്‍െറ നേരിട്ടുള്ള മേല്‍നോട്ടം അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.

കടുത്ത വൃക്കരോഗമടക്കം അലട്ടുമ്പോഴും കമ്പക്കെട്ടിന് നേരിട്ടത്തെുന്ന പതിവ് മുടക്കിയില്ല. കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ മത്സര കമ്പക്കെട്ടിന് മുന്‍നിരയില്‍ സുരേന്ദ്രനാശാനുണ്ടാകും. കമ്പക്കെട്ടിലേക്ക് മക്കളെ കൊണ്ടുവരാന്‍ താല്‍പര്യമില്ലായിരുന്നെങ്കിലും അവരും സഞ്ചരിച്ചത് ഈ മേഖലയിലേക്കായിരുന്നു. ഇതില്‍നിന്ന് മക്കളെ മാറ്റിനിര്‍ത്താനാണ് ആഗ്രഹമെന്ന് അദ്ദേഹം പലരോടും അഭിപ്രായപ്പെട്ടിട്ടുണ്ട്. മകള്‍ തുഷാരക്ക് പടക്കവില്‍പനക്കുള്ള ലൈസന്‍സ് ലഭിച്ചെങ്കിലും അത് മാറ്റുന്നതിനെക്കുറിച്ചും അദ്ദേഹം ആലോചിച്ചിരുന്നു. കൂടാതെ, മകന്‍ ഉമേഷിന്‍െറ പേരിലും ലൈസന്‍സുണ്ട്.

അപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴും അദ്ദേഹം അന്വേഷിച്ചത് തന്‍െറ തൊഴിലാളികള്‍ക്ക് അപകടമുണ്ടോ എന്നാണ്. മക്കളായ ഉമേഷ്, ദീപു, സഹോദരന്‍ സത്യന്‍ എന്നിവര്‍ക്കുള്‍പ്പെടെയാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ സത്യനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു.

സത്യന്‍ ടാക്സി ഡ്രൈവറായിരുന്നു. ജ്യേഷ്ഠന്‍ ബിഗ്ബജറ്റ് മത്സരകമ്പത്തിന് പോകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാണാന്‍ പോയതാണ് സത്യന്‍.
സത്യന്‍െറ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം സംസ്കരിച്ചു. സുരേന്ദ്രന്‍േറത് ബുധനാഴ്ച സംസ്കരിക്കും. ശാന്തയാണ് സുരേന്ദ്രന്‍െറ ഭാര്യ. സത്യന്‍െറ ഭാര്യ പ്രിയ. മക്കള്‍: സുനിത, സീന, മരുമകന്‍: കലേഷ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.