വെടിക്കെട്ടപകടത്തിന് ശേഷം 17 പേരെ കാണാനില്ല

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 17 പേരെ കാണാതായി. ഇതില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് ഇത്രയുംപേരെ കാണാനില്ളെന്ന പരാതി ലഭിച്ചത്. അതേസമയം, 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.

ചടയമംഗലം സ്വദേശികളായ അനില്‍കുമാര്‍ (34), കുട്ടപ്പന്‍, കല്ലുവാതുക്കല്‍ ഹരി (18), കോരാണി സോമന്‍, മേനംകുളം അനുലാല്‍ (29), ഒഴുകുപാറ അനീഷ്, പാങ്ങോട് നടേശന്‍ (65), രാജസ്ഥാന്‍ സ്വദേശികളായ മണി ചതുര്‍വേദി, നന്ദിന ചതുര്‍വേദി എന്നിവരെക്കുറിച്ച് ഒരു വിവരവുമില്ല. പുതുക്കുളം ചുമ്മാര്‍ എന്ന കണ്ണന്‍ (19), കോട്ടപ്പുറം രഘു (42), കുറുമണ്ടല്‍ ഗോപിനാഥന്‍പിള്ള (56), കോങ്ങല്‍ രഘുനാഥക്കുറുപ്പ് (46), ഇരവിപുരം വടക്കേവിള സബീര്‍ (30), ചിറക്കര സാജന്‍ (29), നെടുങ്ങോലം പ്രസന്നന്‍ (56), വെഞ്ഞാറമൂട് രാജന്‍ (50) എന്നിവരുടെ ബന്ധുക്കളോട് ഡി.എന്‍.എ പരിശോധനക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഒരുരീതിയിലും ബന്ധപ്പെടാന്‍ കഴിയാത്തവരാണ് ആദ്യ ഒമ്പതുപേര്‍. തിരിച്ചറിയാനാവാത്ത കേസുകളിലാണ് ഡി.എന്‍.എ പരിശോധനക്ക് നിര്‍ദേശമുള്ളത്.

ഇതരസംസ്ഥാനക്കാരായ നിരവധി കച്ചവടക്കാര്‍ ഉത്സവപ്പറമ്പില്‍ എത്തിയിരുന്നെന്നാണ് വിവരം. ഓടക്കുഴല്‍ വില്‍പനക്കാരന്‍ യു.പി സ്വദേശി ഹജുമുദ്ദീന് (18) പരിക്കേറ്റിരുന്നു. ഇത്തരക്കാരെ കാണാതായിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച പരാതിപോലും കിട്ടാനിടയില്ല. തമിഴ്നാട് സ്വദേശിയടക്കം നിരവധിപേരെ കാണാനില്ളെന്ന പരാതി കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിരുന്നു.  മൊബൈല്‍ നമ്പര്‍ വഴിയാണ് പലരെയും കണ്ടത്തെിയത്.  അതേസമയം, കമ്പപ്പുരക്ക് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മനുഷ്യര്‍ വെന്തുരുകിപ്പോകുമെന്ന് പറയുന്നു. ക്ഷേത്രപരിസരത്ത് മനുഷ്യശരീരത്തിന്‍െറ അവശിഷ്ടങ്ങളുള്ളതായി പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറയുന്നു. അവശിഷ്ടങ്ങള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്തേണ്ടിവരുമെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.