പരവൂർ ദുരന്തം: ക്ഷേത്രഭാരവാഹികൾ കീഴടങ്ങില്ല; മുൻകൂർ ജാമ്യം തേടും

പരവൂർ: ഒളിവിൽ കഴിയുന്ന പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസിലെ നാലു ക്ഷേത്ര ഭാരവാഹികൾ കീഴടങ്ങില്ലെന്ന് റിപ്പോർട്ട്. ഇവർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കാൻ നീക്കം തുടങ്ങി. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി പ്രതികൾ ചർച്ച നടത്തി. നാലു പേരും ഇന്നു തന്നെ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം.

15 ഭരണസമിതി അംഗങ്ങളിൽ ഏഴു പേർ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. സ്ത്രീ ഉൾപ്പെടെ എട്ടു പേർ കീഴടങ്ങാനുണ്ട്. ഇതിൽ സ്ത്രീ ഉൾപ്പെടെ നാലുപേരാണു മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്.

എന്നാൽ, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതപ്പെടുത്തി. പൊലീസിന്‍റെ വിവിധ സ്ക്വാഡുകൾ പരവൂരും എറണാകുളത്തും എത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രതികളായ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും മാത്രമാണ് ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. മൂന്ന്, നാല്, അഞ്ച് പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവരാണ് വെടിക്കെട്ടിനായി കരാറുകാരെ തരപ്പെടുത്തിയത്.

പ്രസിഡന്‍റ് പരവൂര്‍ കൂനയില്‍ പത്മവിലാസത്തില്‍ പി.എസ്. ജയലാല്‍, സെക്രട്ടറിയും വെടിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയയാളുമായ പൊഴിക്കര കൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടിപ്പിള്ള, കുറുമണ്ടല്‍ പൂവന്‍പള്ളിയില്‍ ജെ. പ്രസാദ്, കോട്ടപ്പുറം കോങ്ങാല്‍ ചന്ദ്രോദയം വീട്ടില്‍ സി. രവീന്ദ്രന്‍പിള്ള, പൊഴിക്കര കടകത്ത് തൊടിയില്‍ ജി. സോമസുന്ദരന്‍പിള്ള, കോങ്ങാല്‍ സുരഭിയില്‍ സുരേന്ദ്രനാഥന്‍പിള്ള, കോങ്ങാല്‍ മനീഫ കോട്ടേജില്‍ മുരുകേശന്‍ എന്നിവരാണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്.

കുറ്റകരമായ നരഹത്യ, നരഹത്യ ശ്രമം, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനുമാണ് ക്ഷേത്ര ഭാരവാഹികൾ, വെടിക്കെട്ടിന്‍റെ ലൈസൻസി എന്നിവർക്കെതിരെ കേസെടുത്തത്.

അതേസമയം, വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.