കാലാവധി അവസാനിക്കാറായിട്ടും  ചട്ടമില്ലാതെ ന്യൂനപക്ഷ കമീഷന്‍

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷം തികയാറായിട്ടും ചട്ടം രൂപവത്കരിച്ചിട്ടില്ല. ചട്ടം രൂപവത്കരിക്കണമെആവശ്യപ്പെട്ട് കമീഷന്‍ നല്‍കിയ കത്തുകള്‍ക്ക് സര്‍ക്കാര്‍ മറുപടിപോലും നല്‍കിയില്ല. ഏറ്റവുമൊടുവില്‍ സംസ്ഥാനത്തെ മറ്റു കമീഷനുകള്‍ക്കെല്ലാം കൂടി ചട്ടവും റൂള്‍സും രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു മറുപടി. ബാലനീതി കമീഷന്‍, പിന്നാക്ക കമീഷന്‍, വനിതാകമീഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള കമീഷനുകള്‍ക്കെല്ലാം കൂടി ചട്ടം രൂപവത്കരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയതെന്ന് കമീഷനംഗം അഡ്വ. കെ.പി. മറിയുമ്മ പറഞ്ഞു.
സിവില്‍ കോടതിയുടെ അധികാരമുള്ള കമീഷന്‍, ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട് പഠിച്ച് നല്‍കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ല. ശ്മശാന പ്രശ്നമാണ് ഇതില്‍ ഏറ്റവും പ്രധാനം. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് ശ്മശാനങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കുന്ന ജില്ലാ ഭരണകൂടത്തില്‍ നിക്ഷിപ്തമായ അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു കമീഷന്‍െറ നിര്‍ദേശം. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിരവധി ശ്മശാനങ്ങളാണ് സംസ്ഥാനത്ത് തുറക്കാതെ കിടക്കുന്നത്. 
2013 ജൂണ്‍ അഞ്ചിലെ വിജ്ഞാപനപ്രകാരമാണ് ന്യൂനപക്ഷ കമീഷന്‍ രൂപവത്കരിച്ചത്. ജൂണ്‍ 10ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ചട്ടമൊന്നും ഇല്ലാതെതന്നെ ചെയര്‍മാനായി അഡ്വ. വീരാന്‍ കുട്ടിയും അഭിഭാഷകരായ വി.വി. ജോഷി, കെ.പി. മറിയുമ്മ എന്നിവര്‍ അംഗങ്ങളുമായി. കമീഷന്‍െറ ഒൗദ്യോഗിക കാലാവധി അവസാനിക്കാന്‍ ഇനി വെറും മൂന്നുമാസം മാത്രം.  
കമീഷന്‍ പ്രവര്‍ത്തനം തുടങ്ങിയ 2013ല്‍ വെറും 103 കേസുകളായിരുന്നെങ്കില്‍ 2014ലും 2015 ലും കേസുകളുടെ എണ്ണം കുത്തനെ കുതിച്ചുയര്‍ന്നു. 2014ലും 2015ലും കേസുകള്‍ യഥാക്രമം 513, 542 പരിഗണനക്കത്തെി. 2016 ഫെബ്രുവരി വരെ 40 കേസുകള്‍ ഉള്‍പ്പെടെ രണ്ടേ മുക്കാല്‍ വര്‍ഷംകൊണ്ട് 1203  കേസുകളാണ് പരിഗണിച്ചത്. ചെയര്‍മാനും കമീഷന്‍ അംഗങ്ങളും രാജകീയ സൗകര്യത്തോടെയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് കമീഷന്‍ നല്‍കിയ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.