കൊച്ചി: കീഴ്കോടതികളില്‍ വേനല്‍ക്കാലത്ത് ഹാജരാകുന്ന അഭിഭാഷകര്‍ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ളെന്ന് ഹൈകോടതി. വേനല്‍ക്കാലത്ത് സുപ്രീംകോടതിയിലും ഹൈകോടതികളിലുമൊഴികെ ഗൗണും കോട്ടും ഇല്ലാതെ വെളുത്ത ഷര്‍ട്ടും പാന്‍റ്സും ടൈയും ധരിച്ച് ഹാജരായാല്‍ മതിയെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.

അഭിഭാഷകരുടെ വസ്ത്രധാരണത്തെക്കുറിച്ച് കൃത്യമായ ബോധവത്കരണം വേണമെന്ന് നിരീക്ഷിച്ച ഹൈകോടതി ഇതേക്കുറിച്ച് വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നിര്‍ദേശവും നല്‍കി. വേനല്‍ക്കാലത്ത് കോട്ടും ഗൗണും ധരിക്കുന്നതില്‍നിന്ന് ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി നേരത്തേ  സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ  അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 

ബ്രിട്ടീഷ് ഭരണകാലത്തെ സമ്പ്രദായം പിന്തുടര്‍ന്ന് ഉഷ്ണകാലാവസ്ഥയുള്ള ഇന്ത്യയിലും അഭിഭാഷകരെ കറുത്ത വസ്ത്രങ്ങളും ഗൗണും നിര്‍ബന്ധിക്കുന്നതിനെതിരെയായിരുന്നു അഭിഭാഷകനായ ഡോ. വിന്‍സെന്‍റ് പാനിക്കുളങ്ങരയുടെ ഹരജി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.