മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ അഭിഷിക്തനായി

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ 121ാം ആഗോള പാത്രിയാര്‍ക്കീസും അസീറിയന്‍ സഭയുടെ ആത്മീയ പിതാവുമായ മാര്‍ ഗീവര്‍ഗീസ് സ്ളീവ അഭിഷിക്തനായി.  ഇറാഖിലെ എര്‍ബില്‍ നഗരത്തില്‍ ഞായറാഴ്ച കനത്ത സുരക്ഷാ സന്നാഹത്തില്‍ നടന്ന ചടങ്ങില്‍ മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതീയനെന്ന പേരിലാണ് അഭിഷിക്തനായത്.

എര്‍ബില്‍ നഗരത്തിലെ മാര്‍ യോഹന്നാന്‍ മാംദാന കത്തീഡ്രലില്‍ പാത്രിയാര്‍ക്കീസിന്‍െറ ചുമതല വഹിക്കുന്ന ഭാരത സഭാ മേലധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത പട്ടാഭിഷേക ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഇന്ത്യന്‍ സമയം രാവിലെ 11ന് വൈദികരും ആത്മീയ നേതാക്കളും പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതോടെ ശുശ്രൂഷക്ക് തുടക്കമായി. നിയുക്ത പാത്രിയാര്‍ക്കീസ് മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ സത്യപ്രതിജ്ഞ ചൊല്ലി ഒപ്പിട്ട് പ്രധാന കാര്‍മികന്‍ മാര്‍ അപ്രേമിന് സമര്‍പ്പിച്ചു. 13 ആത്മീയ പിതാക്കന്‍മാര്‍ സഹകാര്‍മികരായി. മാര്‍ അപ്രേം മെത്രാപ്പോലീത്ത പാതൃയാര്‍ക്കീസിന്‍െറ അധികാരചിഹ്നങ്ങളായ കിരീടവും അംശവടിയും സ്ളീവായും മുദ്രമോതിരവും അണിയിച്ചു. തുടര്‍ന്ന് മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതീയന് വിധേയത്വം പ്രഖ്യാപിച്ച് മെത്രാപ്പോലീത്തമാരും എപ്പിസ്കോപ്പമാരും കൈമുത്തി. പ്രഥമ കുര്‍ബാനക്ക് പാത്രിയാര്‍ക്കീസ് പ്രധാന കാര്‍മികത്വം വഹിച്ചു. അയ്യായിരത്തോളം വിശ്വാസികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രി നച്ചീര്‍വന്‍ ബര്‍സാനി, ഫ്രാന്‍സിസ് മാര്‍പാപ്പ  എന്നിവര്‍ സന്ദേശങ്ങളിലൂടെ ആശംസ അറിയിച്ചു. കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് മാര്‍ ലൂവീസ് റഫായേല്‍ ഒന്നാമന്‍ സാക്കോ, സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പാതൃയാര്‍ക്കീസ് മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ കരീം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ കുര്‍ട്ട് കോഹ്, ആര്‍ച് ബിഷപ് മോര്‍ ദിവന്ന്യാസിയോസ് ആന്‍റ്വാന്‍ ഛദ്ദ, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രതിനിധികളായ ഗാട്ടാസ് ഹാസിം മെത്രാപ്പോലീത്ത, അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ മത്തിയാസ് മിറ്റ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതാദ്യമായാണ് ബഗ്ദാദില്‍ നിന്ന് മാറി അഭിഷേക ചടങ്ങുകള്‍ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.