കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും ശംഖുവരയന്‍ പാമ്പ്; ചികിത്സയിലുള്ള അനോഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

കൊടകര: കടമ്പോട് കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് മുറിക്കുള്ളില്‍ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടത്.

മുറിയുടെ ഭിത്തിയോടെ ചേര്‍ന്ന് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ വീട്ടില്‍ ഇത് മൂന്നാം തവണയാണ് അടുത്തടുത്ത ദിവസങ്ങളില്‍ പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാര്‍ പാമ്പിനെ അടിച്ചുകൊന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടുകുട്ടികള്‍ക്ക് പാമ്പുകടിയേറ്റിരുന്നു. സില്‍ജോയുടെ മക്കളായ അനോഷ് (10), ആല്‍ജോ (എട്ട്) എന്നിവര്‍ക്കാണ് കടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ അവശനിലയില്‍ കണ്ട കുട്ടികളെ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ചാണ് ആശുപത്രിയിലെത്തിച്ചത്. വൈകാതെ ആല്‍ജോ മരിച്ചു. ഗുരുതരവാസ്ഥയിലായ അനോഷിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പുകടിച്ചതാകാമെന്ന് ഡോക്ടര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് വീടിനകത്ത് പരിശോധിച്ചപ്പോള്‍ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയും ഈ വീടിന്റെ വരാന്തയോട് ചേര്‍ന്ന് ഇതേ ഇനത്തിലുള്ള മറ്റൊരു പമ്പിനെ കണ്ടെത്തി. ഇതേ തുടര്‍ന്ന് വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തുകയും പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി നോക്കുകയും ചെയ്തിരുന്നു. പരിസരത്തെ പാഴ്‌ചെടികൾ നീക്കി തീയിടുകകയും ചെയ്തു.

പരിശോധനയില്‍ പാമ്പുകളെ കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച ആറരയോടെയാണ് വീടിനുള്ളില്‍ ഇഴഞ്ഞുനടക്കുന്ന മറ്റൊരു ശംഖുവരയനെ കുടുംബാംഗങ്ങളില്‍ ഒരാള്‍ കണ്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. തുടരെ തുടരെ മൂന്നുപാമ്പുകളെ വീടിനകത്തും വരാന്തയിലുമായി കണ്ടതോടെ ഭീതിയിലാണ് കുടുംബം.

അതേസമയം, പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലുള്ള അനോഷ് സില്‍ജോയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അനോഷ് സ്വന്തമായി ശ്വസിക്കാന്‍ തുടങ്ങിയതോടെയാണ് ബുധനാഴ്ച ഉച്ചയോടെ വെന്റിലേറ്ററില്‍ നിന്ന് നീക്കിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അനോഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനോഷ് കൂടുതല്‍ ഉന്മേഷവാനും ബോധാവസ്ഥയിലുമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ പേശികളുടെ ബലം മെച്ചപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നിലവിലെ മാറ്റങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Tags:    
News Summary - A third snake bite in the house where children were bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.