ദുരന്തസ്ഥലത്ത് നായയുമായി നടത്തിയ പരിശോധന നടത്ത അന്വേഷണസംഘം
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ടുകളുടെ പാറ്റേൺ മാറ്റുന്നത് സംബന്ധിച്ച് സർക്കാറിന് ശിപാർശ നൽകുമെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി. ശബ്ദത്തേക്കാൾ വെളിച്ചത്തിന് പ്രാധാന്യം നൽകുന്ന, അപകടസാധ്യത കുറഞ്ഞ രീതികളിലേക്ക് മാറേണ്ടതുണ്ട്. ചൈനീസ് പടക്കങ്ങളെപ്പോലെ കൂടുതൽ ഭംഗിയുള്ളതും സുരക്ഷിതവുമായ രീതികൾ അവലംബിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെടിക്കെട്ട് പൂർണമായി നിരോധിക്കണമെന്ന് പറയാനാകില്ല. പരമ്പരാഗതമായി ഈ മേഖലയിൽ ധാരാളം പേർ തൊഴിലെടുക്കുന്നുണ്ട്. ലോകത്തെമ്പാടും വെടിക്കെട്ടുകൾ നടക്കുന്നുണ്ട്. എന്നാൽ, കൃത്യമായ മുൻകരുതലുകളോടെ മാത്രമേ ഇത് ചെയ്യാവൂ. കടുത്ത വേനലിലാണ് തൃശൂർ പൂരം നടക്കുന്നത്.
വെടിമരുന്നിന് ചൂട് കൂടിയാൽതന്നെ തീപിടിക്കാൻ സാധ്യതയുണ്ട്. മുണ്ടത്തിക്കോട് അപകടമുണ്ടായ വെടിക്കെട്ടുപുരയിൽ ഇലക്ട്രിക് സ്പാർക്കോ മറ്റോ ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നും നിലവിൽ കാണാനില്ല. വെടിമരുന്നിന്റെ അമിത ഉപയോഗവും ഷെഡുകൾ അടുത്തടുത്ത് നിർമിച്ചതുമാണ് അപകട വ്യാപ്തി വർധിപ്പിച്ചത്. അകലം പാലിച്ചിരുന്നെങ്കിൽ ദുരന്ത തീവ്രത കുറയുമായിരുന്നു. ഒരു ഷെഡിനകത്ത് കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാനും ഇത്രയധികം വെടിക്കോപ്പുകൾ സൂക്ഷിക്കാനും പാടില്ലായിരുന്നു. ഇത്തരം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സർക്കാറിന്റെയോ ഉദ്യോഗസ്ഥരുടെയോ കർശന മേൽനോട്ടം അനിവാര്യമാണ്. തികഞ്ഞ അശ്രദ്ധയും ചട്ടലംഘനങ്ങളും ഉണ്ടായിട്ടുണ്ട്.
അപകടമുണ്ടായാൽ അവിടേക്ക് പെട്ടെന്ന് സഹായമെത്തിക്കാൻ സൗകര്യമുണ്ടാകണം. കൂടാതെ, പടക്കം ഉണ്ടാക്കുന്ന തൊഴിലാളികൾക്ക് സുരക്ഷയെക്കുറിച്ച് കൃത്യമായ ബോധവത്കരണം നൽകണം. മുൻകാല വെടിക്കെട്ട് അപകടങ്ങളും അതിലെ കണ്ടെത്തലുകളും കമീഷൻ പരിശോധിക്കും. മറ്റു സ്ഥലങ്ങളിൽ പൂരം നടത്തുന്നവരുമായും വിദഗ്ധരുമായും ചർച്ച ചെയ്ത് എല്ലാവശങ്ങളും വിശദമായി പരിശോധിച്ചശേഷം സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുമെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.