പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ ഭാര്യ ഷീലയെ ഇടപ്പള്ളിയിൽ നടന്ന അനുസ്മരണ പരിപാടിക്കിടെ ആശ്വസിപ്പിക്കുന്ന മകൾ ആരതി
കൊച്ചി: 26 പേർക്ക് ജീവഹാനിയുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻവെടിഞ്ഞ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ ഓർമയിൽ നാടും കുടുംബവും. രാമചന്ദ്രന്റെ വേർപാടിന് ഒരുവർഷം പിന്നിടുമ്പോഴും ആ വേദനയിൽനിന്നും ഞെട്ടലിൽനിന്നും മുക്തരായിട്ടില്ല മകൾ ആരതിയും അമ്മ ഷീലയുമടങ്ങുന്ന കുടുംബം. കുടുംബത്തിനുണ്ടായ നഷ്ടത്തിന്റെ വേദന എല്ലായ്പോഴും ഉണ്ടാകുമെന്ന് ആരതി പറയുന്നു.
2025 ഏപ്രിൽ 22നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ജമ്മു കശ്മീരിലെ പഹൽഗാം ബൈസരൺ താഴ്വരയിൽ നടന്നത്. താഴ്വരയിലെ പുൽമേട്ടിൽ ഭീകരർ നടത്തിയ വെടിവെപ്പിലാണ് എൻ. രാമചന്ദ്രനടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും മരിച്ചത്. തോക്കുമായി പാഞ്ഞടുത്ത ഭീകരരിൽനിന്ന് സന്ദർശകരെ സംരക്ഷിക്കുന്നതിനിടെയാണ് പ്രദേശവാസി സയ്യിദ് ആദിൽ ഹുസൈൻ ഷാക്ക് വെടിയേറ്റത്.
വിഷു ആഘോഷത്തിനാണ് ദുബൈയിൽനിന്ന് ആരതിയും ഇരട്ടക്കുട്ടികളായ കേദാറും ദ്രുപദും ഇടപ്പള്ളിയിലെ വീട്ടിലെത്തിയത്. ആഘോഷത്തിനുശേഷം ആരതിയും കുട്ടികളും പിതാവ് രാമചന്ദ്രനും മാതാവ് ഷീലക്കുമൊപ്പം കശ്മീരിലേക്ക് യാത്ര തിരിച്ചു. ഇവർ ബൈസരൺ താഴ്വര സന്ദർശിക്കുന്നതിനിടെയാണ് ‘കലിമ’ പറയാൻ ആവശ്യപ്പെട്ട് ആയുധധാരികളായ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. ആരതിക്കും മക്കൾക്കും മുന്നിൽവെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്.
പിതാവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ ആരതിയുടെ തലക്കുനേരെ തോക്ക് ചൂണ്ടിയ ഭീകരൻ, മക്കൾ കരഞ്ഞതോടെ പിന്മാറുകയായിരുന്നു.ഒരുമണിക്കൂറോളം ഓടി, മൊബൈൽ റേഞ്ചുള്ള സ്ഥലത്തെത്തിയ ശേഷമാണ് ആരതിക്ക് ആക്രമണവിവരം കശ്മീരിയായ ഡ്രൈവറെ അറിയിക്കാനായത്. കൺമുന്നിലെ പിതാവിന്റെ മരണത്തിലും മനഃസാന്നിധ്യംവിടാതെ ആരതി പ്രദേശവാസികളുടെ സഹായത്തിൽ മക്കളെയും അമ്മയെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കശ്മീരിൽവെച്ച് തനിക്ക് രണ്ടു സഹോദരങ്ങളെ കിട്ടിയെന്നും ഡ്രൈവർമാരായ മുസാഫിറും ഷമീറും തന്നെ അനിയത്തിയെ പോലെയാണ് കൂടെ കൊണ്ടു നടന്നതെന്നുമുള്ള ആരതിയുടെ പ്രതികരണം വലിയ പ്രാധാന്യത്തോടെയാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിതാവിന്റെ മരണത്തോടെ അമ്മ തനിച്ചായ സാഹചര്യത്തിൽ ആരതി ദുബൈയിലേക്ക് തിരികെ പോയില്ല.
ബുധനാഴ്ച ഇടപ്പള്ളി ദേവൻകുളങ്ങര ജങ്ഷനിൽ രാമചന്ദ്രന് അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ഭാര്യ ഷീല, മകൾ ആരതി, കൊച്ചുമക്കൾ, സുഹൃത്തുക്കൾ അടക്കമുള്ളവർ പങ്കെടുത്തു. രാമചന്ദ്രന്റെ ഓർമക്കായി മങ്ങാട്ട് റോഡിലെ ‘നീരാഞ്ജനം’ വീട്ടുവളപ്പിൽ പ്രകൃതി സംരക്ഷണ വേദി ‘നാം ഡോക് മായി’ ഇനം മാവിൻതൈ നടുകയും ‘ഓപറേഷൻ സിന്ദൂർ’ വിജയത്തിന്റെ ഭാഗമായി സിന്ദൂരം മാവിൻതൈകൾ വിതരണം ചെയ്യുകയും ചെയ്തു.
ഏപ്രിൽ 26ന് രാവിലെ 10ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ‘ഭീകരതക്കെതിരേ സമൂഹ മനഃസാക്ഷി’ എന്ന വിഷയത്തിൽ റിട്ട. ജസ്റ്റിസ് എൻ. നഗരേഷ് മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.