തിരുവനന്തപുരം: കോഴിക്കോട്ട് പേരാമ്പ്ര നിയമസഭ മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങള്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറന്ന് ഉദ്യോഗസ്ഥര്‍ കയറിയ സംഭവത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് തെരഞ്ഞെടുപ്പ് കമീഷന്. സ്ട്രോങ് റൂമിലും സമീപത്തെ രേഖകള്‍ സൂക്ഷിച്ച അനുബന്ധ മുറികളിലും ഉദ്യോഗസ്ഥര്‍ കയറിയത് ഗുരുതര പിഴവാണെന്ന് ചൂണ്ടിക്കാട്ടി ജില്ല കലക്ടര്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണം നടക്കുന്നത്.
പേരാമ്പ്രക്ക് പിന്നാലെ പാലക്കാട്ടും സ്ട്രോങ് റൂമുകള്‍ തുറക്കാന്‍ ശ്രമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ ജില്ല കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും മാത്രം കയറാന്‍ അനുമതിയുള്ള പ്രദേശങ്ങളില്‍ റിട്ടേണിങ് ഓഫിസര്‍മാരുൾപ്പെടെ ഉദ്യോഗസ്ഥർ കടന്നുകയറുന്നുവെന്ന പരാതികളാണ് പലയിടങ്ങളില്‍നിന്ന് ഉയരുന്നത്. ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുകയോ സ്ട്രോങ് റൂമുകള്‍ തുറക്കുകയോ ചെയ്യരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പലതവണ നിർദേശിച്ചിരുന്നത്രെ.
ഇത് മുഖവിലക്കെടുക്കാതെ പലയിടങ്ങളിലും കയറാന്‍ ശ്രമം നടന്നതായാണ് പരാതി. ഇത് തെരഞ്ഞെടുപ്പു കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. പേരാമ്പ്ര മണ്ഡലത്തിന്റെ കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകളുടെ ചുമതല കേന്ദ്രസേനയ്ക്കാണ്. സുരക്ഷാ പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇവരോടും വിശദീകരണം തേടും. തെരഞ്ഞെടുപ്പു ജോലികളില്‍ ഗുരുതര പിങ്വ് വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ സസ്പെന്ഷന് അടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഗുരുതര ചട്ടലംഘനം നടത്തിയതായി പരാതി ഉയരുന്നവര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതാണ് സ്ട്രോങ് റൂമുകളില്‍ അനധികൃതമായി പ്രവേശിക്കുന്നതടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ തുടരാന്‍ ഇടയാക്കുന്നതെന്ന് വിമര്‍ശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.