യൂറോപ്പ് കേന്ദ്രീകൃത വിദ്യാഭ്യാസം ലോകം നേരിടുന്ന വെല്ലുവിളി –എം.ഐ. അബ്ദുല്‍ അസീസ്

കോഴിക്കോട്: യൂറോപ്പ് കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ വെല്ലുവിളിയെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. എസ്.ഐ.ഒ സംസ്ഥാന സമിതി സംഘടിപ്പിച്ച മുഖദ്ദിമ അക്കാദമിക് സമ്മിറ്റിന്‍െറ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
ഏത് വിജ്ഞാനവും യൂറോപ്പില്‍നിന്ന് ഉദ്ഭവിച്ചതാണെന്ന മിഥ്യാധാരണ  പാശ്ചാത്യലോകം സൃഷ്ടിക്കുകയാണ്. തങ്ങളുടേതല്ലാത്ത മുഴുവന്‍ വൈജ്ഞാനിക ഗ്രന്ഥങ്ങളും പഠനങ്ങളും ഭൂമിയില്‍നിന്നുതന്നെ നശിപ്പിച്ചുകളയാന്‍ അവര്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന സംസാരിച്ചു. ‘ഡി കൊളോണിയല്‍ ഇസ്ലാം’ എന്ന തലക്കെട്ടില്‍ ചര്‍ച്ചക്ക്  എസ്.ഐ.ഒ മുന്‍ ദേശീയ സമിതിയംഗം ഷഹീന്‍ കെ. മൊയ്തുണ്ണി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്  എന്നിവര്‍ നേതൃത്വം നല്‍കി. മുഖദ്ദിമ അക്കാദമിക് ഡയറക്ടര്‍ പി.പി. ജുമൈല്‍  സ്വാഗതവും എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഒ.കെ. ഫാരിസ്  നന്ദിയും പറഞ്ഞു. ഡിസംബര്‍ 26, 27 തീയതികളില്‍ കണ്ണൂരിലാണ് മുഖദ്ദിമ സമ്മിറ്റ്. ഇസ്ലാമിക ലോകത്തെ പുതിയ വിജ്ഞാനങ്ങളുടെ പരിസരത്തുനിന്ന് പരിചയപ്പെടുത്തുന്ന പരിപാടിയാണിത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.