സ്വകാര്യ സര്‍വകലാശാല: സാധ്യതാപഠന റിപ്പോര്‍ട്ടില്‍ തുടര്‍നടപടി വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്യുന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി വൈകും. സര്‍ക്കാറും ഭരണമുന്നണിയും ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തശേഷം റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍െറ തീരുമാനം. നിലപാട് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിലൂടെ പഴികേള്‍ക്കാന്‍ ഒരുക്കമല്ളെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി. മാത്രമല്ല, പഠനത്തിന് തീരുമാനിച്ചതും വിദഗ്ധസമിതിയെ നിയോഗിച്ചതും വിദ്യാഭ്യാസമന്ത്രിയെ അറിയിച്ചിട്ടില്ല. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പാകെ മന്ത്രി തുറന്നുപറയുകയും ചെയ്തു. വകുപ്പുമന്ത്രിയെ നോക്കുകുത്തിയാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ ഉപയോഗിച്ച് പഠനത്തിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തിയുമുണ്ട്. ഇക്കാര്യത്തില്‍ ധിറുതിയില്‍ തീരുമാനങ്ങള്‍ വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.
സംസ്ഥാനത്ത് സ്വയംഭരണ കോളജുകള്‍ ആരംഭിച്ചതുവഴിയുണ്ടായ എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ വിദ്യാഭ്യാസ മന്ത്രി വിയോജിപ്പ് അറിയിച്ചത്. മാത്രവുമല്ല, സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ സര്‍ക്കാറിന് തലവേദന സൃഷ്ടിച്ച അനുഭവവും വിദ്യാഭ്യാസ വകുപ്പിനെ ഇക്കാര്യത്തില്‍ പിറകോട്ടടിപ്പിക്കുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പും ഡല്‍ഹി അമിറ്റി ഗ്രൂപ്പുമാണ്. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ കൂടുതല്‍ ഏജന്‍സികള്‍ രംഗപ്രവേശം ചെയ്യുമെന്നും ഉറപ്പാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ പല അംഗങ്ങളും നിലവില്‍ സ്വാശ്രയ പ്രഫഷനല്‍ കോളജുകളുടെ നടത്തിപ്പുകാരാണ്. സ്വകാര്യ സര്‍വകലാശാലകള്‍ക്കായി രംഗത്തുവരാനിരിക്കുന്നതും നിലവില്‍ സ്വാശ്രയ പ്രഫഷനല്‍ കോളജ് നടത്തിപ്പിലൂടെ കോടികള്‍ ലാഭം കൊയ്തവരാണ്.
ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ എട്ടുമാസം മുമ്പ് പഠനം നടത്തി സമര്‍പ്പിച്ച അറബിക് സര്‍വകലാശാല സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസവകുപ്പ് തുടര്‍നടപടിക്കായി ഫയല്‍ അയച്ചെങ്കിലും ചീഫ് സെക്രട്ടറിയും ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയും വിവാദപരാമര്‍ശങ്ങളോടെ തിരിച്ചയച്ചിരുന്നു. മന്ത്രിസഭായോഗത്തിന്‍െറ പരിഗണനക്കുവെക്കാനായി അയച്ച ഫയലാണ് അറബിക് സര്‍വകലാശാല അനാവശ്യമെന്ന നിലപാടോടെ തള്ളിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിലും വിദ്യാഭ്യാസമന്ത്രിക്ക് അമര്‍ഷമുണ്ട്. ഇതേ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ധിറുതിയില്‍ തയാറാക്കിയ സ്വകാര്യ സര്‍വകലാശാല സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തലത്തിലും മുന്നണിതലത്തിലും വ്യക്തമായ ധാരണ വന്നശേഷം തുടര്‍നടപടിയെടുത്താല്‍ മതിയെന്നതിന്  മുഖ്യമന്ത്രിയുടെ നിലപാടും കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.