കരിപ്പൂര്‍: ചിറകരിയുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ തകിടംമറിക്കുന്ന അധികൃതരുടെ നീക്കത്തിനെതിരെ ജനകീയപ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു.  ചെറിയ വിമാനസര്‍വിസുകള്‍ ഉള്‍പ്പെടെ വിവിധ സര്‍വിസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്ന എയര്‍പോര്‍ട്ടിനെ രക്ഷിക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാലിക്കറ്റ് ചേംബര്‍, മലബാര്‍ ഡെവലപ്മെന്‍റ് ഫോറം പ്രവാസിസംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 11ന് രാവിലെ മാനാഞ്ചിറ സ്ക്വയറില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. പി.വി. അബ്ദുല്‍വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. റണ്‍വേയുടെ റീകാര്‍പറ്റിങ് വൈകുന്നതിന്‍െറയും കരിപ്പൂരില്‍ ചെറുകിട സര്‍വിസുകള്‍ അവഗണിക്കുന്നതിന്‍െറയും കാരണം വ്യക്തമാക്കി പരിഹരിക്കണമെന്ന ആവശ്യത്തോടെയാണ് സമരപരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങി കമ്പനികള്‍ ചെറുകിട സര്‍വിസുകള്‍ നടത്താന്‍ തയാറായതിനെ അവഗണിക്കുകയാണ് അധികൃതര്‍. ഇത് വിമാനത്താവളം അടച്ചുപൂട്ടുന്ന സ്ഥിതിയിലാക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മന്ത്രി എം.കെ. മുനീര്‍, ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ള, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും.
ചേംബര്‍ പ്രസിഡന്‍റ് പി. ഗംഗാധരന്‍, അബ്ദുല്ല മാളിയേക്കല്‍, ഡോ. കെ. മൊയ്തു,  കെ. ഹാഷിം, ടി.പി.എം. ഹാഷിര്‍ അലി, നുസ്രത്ത് ജഹാന്‍, മലബാര്‍ ഡെവലപ്മെന്‍റ് ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ കെ.എം. ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.