ഉമ്മന്‍ചാണ്ടിയെ ജനം കഴുത്തിനുപിടിച്ച് പുറത്താക്കുമെന്ന് വി.എസ്

വടകര: അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ ചാണ്ടി രാജിവെച്ചില്ളെങ്കില്‍ ജനം കഴുത്തിനുപിടിച്ച് പുറത്താക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാണം അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ രാജിവെച്ച് പോകണം. രാജിവെക്കുന്നതിന് തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടതില്ല. വിജലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനെ കൊണ്ട് മാണിയെ രക്ഷിക്കാനുള്ള നാണംകെട്ട കളിയാണ് കളിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ജനങ്ങളുടെ പ്രതികരണം വ്യക്തമാകും. ലജ്ജ എന്ന രണ്ടക്ഷരം സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. എന്നാല്‍, അത്തരമൊന്ന് ഉമ്മന്‍ ചാണ്ടിയില്‍ കാണാനില്ല. കള്ളക്കേസുകള്‍ സൃഷ്ടിച്ച് മന്ത്രിമാരുടെ അഴിമതികള്‍ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്.

23 കൊല്ലം മുമ്പ് പാമോലിന്‍ അഴിമതിയിലൂടെ രണ്ടു കോടിയുടെ അഴിമതി നടത്തിയ കരുണാകരന്‍െറ പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയും സഞ്ചരിക്കുന്നത്. അന്ന്, രണ്ടു കോടിയാണ് അഴിമതിയെങ്കില്‍ ഇന്നത് 200 കോടിയുടെതാണ്. ബി.ജെ.പി രാജ്യത്താകെ അരാജകത്വം സൃഷ്ടിക്കുകയാണ്. ബി.ജെ.പിയുടെ ദുര്‍നയങ്ങളെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുകയാണ്. ഇപ്പോള്‍ പശു അമ്മയാണെന്നാണ് പറയുന്നത്. അപ്പോള്‍ കാളയാണോ ഇവരുടെ അച്ഛനെന്നും വി.എസ് ചോദിച്ചു. സാധാരണ അമ്മയെ ആരും കെട്ടിയിടാറില്ല. ഇണചേരാന്‍ കാളയുടെ അടുത്ത് കൊണ്ടുപോകാറില്ല. ഇത്തരം നീക്കങ്ങളെ മതേതരവിഭാഗങ്ങള്‍ അവജ്ഞയോടെ തള്ളും.

ബി.ജെ.പിയുടെ സിദ്ധാന്തങ്ങളെല്ലാം തകരുകയാണ്. കള്ളപ്പണം കണ്ടത്തെി സാധാരണക്കാരന്‍െറ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമെന്നുപറഞ്ഞ നരേന്ദ്ര മോദിയിപ്പോള്‍ മിണ്ടുന്നില്ല. ലോകാമാകെ സഞ്ചരിച്ച് ഒന്നാന്തരം ബീഫും ചപ്പാത്തിയും കഴിക്കുകയാണ്. അപ്പോഴാണ് ഇന്ത്യയില്‍ ബീഫ് പാടില്ളെന്ന് പറയുന്നത്. കേരളാ കോണ്‍ഗ്രസിനെ കൂട്ടി ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലും മുസ്ലിം ലീഗിനെ കൂട്ടി മുസ്ലിം ഭൂരിപക്ഷമേഖലയിലും സൂത്രത്തിന് ഇടംനേടി ഒപ്പിച്ചുകളയാമെന്നത് ചാണ്ടിയുടെ ദുര്‍മോഹംമാത്രമാണ്. കേരളത്തില്‍ ഇടതിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇത് മനസ്സിലാക്കി അഭിമാനകരമായ വിജയംനേടാന്‍ പ്രവര്‍ത്തിക്കണമെന്നും വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.