കാസർകോട് ശാന്തം
കാസർകോട് തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ പണിമുടക്കിയതൊഴിച്ചാൽ തെരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത ശാന്തതയാണ് അനുഭവപ്പെട്ടത്. എന്നാൽ, വൈകീട്ട് പോളിങ് അവസാനിച്ചപ്പോൾ പിലിക്കോട് നേരിയ സംഘർഷമുണ്ടായിരുന്നു. പോളിങ് രാവിലെ മുതൽ മന്ദഗതിയിലായിരുന്നു പുരോഗമിച്ചത്, പ്രത്യേകിച്ച് യു.ഡി.എഫ് കേന്ദ്രങ്ങളിൽ. അതേസമയം, കഴിഞ്ഞ പ്രാവശ്യത്തെക്കാൾ 2.45 ശതമാനം പോളിങ് അധികമായി ഇക്കുറി 74.7 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട്ട് ചിലയിടത്ത് യന്ത്രത്തകരാർ
പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു. മെഷീൻ മാറ്റിയശേഷമാണ് പുനരാരംഭിച്ചത്. വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ കുന്നുംപുറം ബൂത്തിൽ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. യന്ത്രത്തകരാർ മൂലം പെരുവമ്പിൽ രണ്ടിടത്ത് ഒരു മണിക്കൂറോളം വോട്ടെടുപ്പ് മുടങ്ങി.
പോളിങ് പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ, ഒറ്റപ്പെട്ട ചില പരാതികൾ ഉയർന്നു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണമുയർന്നു. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് ആറാം വാർഡിൽ മദ്യപിച്ചെത്തിയ പോളിങ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു. അട്ടപ്പാടി പുതൂർ തച്ചംപടിയിൽ വെള്ളിങ്കിരി എന്നയാളുടെ വോട്ട് മറ്റൊരാൾ ചെയ്തെന്ന ആരോപണമുയർന്നതിനെ തുടർന്ന് ടെൻഡേർഡ് ബാലറ്റ് അനുവദിച്ച് പ്രശ്നം പരിഹരിച്ചു. പാലക്കാട് നഗരസഭ 19ാം വാർഡിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി പൂജിച്ച താമര വിതരണം ചെയ്തെന്ന പരാതിയുയർന്നു.
മലപ്പുറത്ത് സമാധാനപരം; ഒരിടത്ത് കള്ളവോട്ട് പരാതി
മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും വിവിധ ഭാഗങ്ങളിൽ വോട്ടുയന്ത്രങ്ങൾ പണിമുടക്കിയത് പോളിങ് വൈകിപ്പിച്ചു. വോട്ടെടുപ്പിനിടെ ജില്ലയിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. ചെറുകാവ് പഞ്ചായത്തിൽ എട്ടാം വാർഡിലെ പോളിങ്ങ് ബൂത്തിലെത്തിയ പുളിക്കൽ സ്വദേശി മുഹമ്മദ് കോയയാണ് മരിച്ചത്. വെട്ടത്തൂർ പഞ്ചായത്ത് നാലാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ ഓപൺ വോട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്ത്രീ കുഴഞ്ഞുവീണു. മൊറയൂർ അരിപ്രയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തു.
വിവിധ ബൂത്തുകളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായി. പള്ളിക്കൽ പഞ്ചായത്ത് 18ാം വാർഡിലെ പരുത്തിക്കോട്ടെ ഒന്നാം ബൂത്തിൽ രാവിലെ യന്ത്രം തകരാറിലായി. എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് ആറ് പുന്നക്കൽ ചോല ബൂത്ത് ഒന്നിലും വോട്ടിങ് തടസ്സപ്പെട്ടു. മേലേ കാളികാവ് എട്ടാം വാർഡിൽ വോട്ടുയന്ത്രം തകരാർ കാരണം ഒരു മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു. കൂട്ടിലങ്ങാടി 19ാം വാർഡിലും മങ്കട വാർഡ് 14ലും വോട്ടുയന്ത്രം കേടായി. മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിൽ വോട്ടുയന്ത്രം തകരാറിലായി. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ ബൂത്തിൽ പ്രവേശിക്കുന്നത് എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞത് തർക്കത്തിലും ബഹളത്തിലും കലാശിച്ചു.
തൃശൂരിൽ പലയിടത്തും വോട്ടുയന്ത്രം പണിമുടക്കി
രാവിലെ ആവേശത്തിൽ തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ടായപ്പോഴേക്കും തണുത്തതോടെ തൃശൂർ ജില്ലയിൽ പോളിങ് ശതമാനം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞു. 2020ൽ 75.07 ശതമാനമായിരുന്ന പോളിങ് 2025ൽ 72.23 ശതമാനമായാണ് കുറഞ്ഞത്. ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ പണിമുടക്കിയതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് വോട്ടെടുപ്പ് സമാപിച്ചത്. അളഗപ്പനഗർ പഞ്ചായത്ത് സ്കൂളിലെ ബൂത്തിൽ രണ്ടു മണിക്കൂറിനിടെ 12 തവണ വോട്ടുയന്ത്രം തകരാറിലായി. ഇതടക്കം ജില്ലയിൽ പത്തിലധികം സ്ഥലത്ത് വോട്ടുയന്ത്രങ്ങൾ തകരാറിലായി.
രണ്ടിടത്ത് കള്ളവോട്ട് പരാതി ഉയർന്നു. തളിക്കുളം പഞ്ചായത്ത് മൂന്നാം വാർഡിൽ മുഹ്സിന എന്ന സ്ത്രീയുടെ വോട്ടും തൃശൂർ കോർപറേഷനിലെ 45ാം ഡിവിഷനായ നെടുപുഴ ബൂത്ത് ഒന്നിൽ ചന്ദ്രൻ എന്ന വോട്ടറുടെ വോട്ടും മറ്റാരോ ചെയ്തു. എരുമപ്പെട്ടി പഞ്ചായത്ത് 18ാം വാർഡിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബൂത്ത് കെട്ടുന്നതിനെ ചൊല്ലിയ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
കണ്ണൂരിൽ കനത്ത പോളിങ്
കണ്ണൂരിൽ പൊതുവേ സമാധാനപരമായ വോട്ടെടുപ്പാണ് നടന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സംഘർഷങ്ങൾ കുറവായിരുന്നു. ഉച്ചയോടെ അമ്പത് ശതമാനത്തോളം പോളിങ് പൂർത്തിയായി. വൈകീട്ട് അഞ്ചോടെ പോളിങ് 70 ശതമാനത്തിന് മുകളിലായി. മോറാഴ സൗത്ത് എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ലോട്ടറി വിൽപനക്കാരൻ സുധീഷ് കുമാർ (48) ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചത് നോവായി. മലയോരത്തെ മാവോയിസ്റ്റ് ബാധിത ബൂത്തുകളിലടക്കം കനത്ത പോളിങ്ങാണ് അനുഭവപ്പെട്ടത്.
കതിരൂരും മുഴക്കുന്ന് വട്ടപ്പൊയിലും മാലൂരിലും പരിയാരത്തും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് മർദനമേറ്റു. പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്യോട് ഡിവിഷൻ സ്ഥാനാർഥി കെ. ലതിക കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ.പി സ്കൂളിലെ ബൂത്തിനകത്താണ് അക്രമത്തിനിരയായത്. ജില്ല പഞ്ചായത്ത് പേരാവൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി സജിത മോഹനന് മുഴക്കുന്ന് വട്ടപ്പൊയിൽ സ്കൂളിലെ ബൂത്തിനകത്ത് മർദനമേറ്റു.
വയനാട്ടിൽ പോളിങ് കുറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ 78.21 ശതമാനം പോളിങ്. ജില്ലയിലെ ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായി. സുൽത്താൻ ബത്തേരി നഗരസഭയിൽ 36ാം ഡിവിഷൻ കൈവട്ടമൂലയിൽ യന്ത്രം തകരാറിലായതിനാൽ രാവിലെ 7.20ഓടെയാണ് വോട്ടെടുപ്പ് തുടങ്ങാനായത്. നൂൽപുഴ കല്ലുമുക്ക് ഗവ. എൽ.പി സ്കൂളിലും മേപ്പാടി പഞ്ചായത്തിലെ നാലാം വാർഡ് യന്ത്രം തകരാറിലായി. എവിടെയും അനിഷ്ട സംഭവങ്ങളുണ്ടായില്ല.
കോഴിക്കോട്ട് ഒറ്റപ്പെട്ട സംഘർഷം
കോഴിക്കോട് ജില്ലയിൽ 75.61 ശതമാനം പോളിങ്. കോഴിക്കോട് കോർപറേഷനിൽ 68.95 ശതമാനവും മുനിസിപ്പാലിറ്റികളിൽ 77.64 ശതമാനവും ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ 78.31 ശതമാനവുമാണ് പോളിങ്.
വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. കള്ളവോട്ടിന്റെയും ഓപൺ വോട്ടിന്റെയും പേരിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാക്കേറ്റവും അടിപിടിയുമുണ്ടായതൊഴിച്ചാൽ പറയത്തക്ക സംഘർഷം എവിടെയുമുണ്ടായില്ല. വോട്ടുയന്ത്രങ്ങളുടെ തകരാർ കാരണം പലയിടത്തും വോട്ടെടുപ്പ് വൈകി. ജില്ലയിൽ 24ഓളം ബൂത്തുകളിലാണ് യന്ത്രങ്ങൾ വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചത്. ഫ്രഷ് കട്ട് വിരുദ്ധ സമരത്തിന്റെ ഭാഗമായ പൊലീസ് നടപടികളെതുടർന്ന് താമരശ്ശേരി മേഖലയിൽ മൂന്ന് പഞ്ചായത്തുകളിലെ നിരവധി പേർക്കും യു.ഡി.എഫ് സ്ഥാനാർഥിക്കും വോട്ടു ചെയ്യാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.