തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ ക്രമവിരുദ്ധ മൈക്രോ ഫിനാന്‍സ് ഇടപാടുകള്‍ക്ക് സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍െറ ഒത്താശ. കോര്‍പറേഷന്‍െറ ഇടപാടുകള്‍ സി ആന്‍ഡ് എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. വെള്ളാപ്പള്ളിയുടെ നോമിനിയായി യു.ഡി.എഫ് നിയമിച്ച എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്‍റ് കൂടിയായ മോഹന്‍ ശങ്കറാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍.
തട്ടിപ്പില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടുള്ള സ്വയംസഹായസംഘം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം അട്ടിമറിച്ചു.
2006 മുതല്‍ 2009 വരെ 7.85 കോടി രൂപയാണ് എസ്.എന്‍.ഡി.പിക്ക് മൈക്രോ ഫിനാന്‍സ് ഇനത്തില്‍ കോര്‍പറേഷന്‍ കൈമാറിയത്.
250 സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് രണ്ടുലക്ഷം വീതം സഹായം എത്തിക്കുമെന്ന് പറഞ്ഞാണ് വായ്പ തരപ്പെടുത്തിയത്. 3900പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഉറപ്പുനല്‍കി. രണ്ട് ശതമാനം പലിശക്കാണ് വായ്പ നല്‍കിയത്. തുക അംഗങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ വെള്ളാപ്പള്ളിയുടെ പേരില്‍ ചെക്കായാണ് കൈപ്പറ്റിയത്.
ഇങ്ങനെ ലഭിച്ച തുക കടലാസ് സ്വാശ്രയസംഘങ്ങള്‍ക്ക് നല്‍കിയായിരുന്നു തട്ടിപ്പ്. ആക്ഷേപം ഒഴിവാക്കാന്‍ ചില സംഘങ്ങള്‍ക്ക് വായ്പ നല്‍കിയെങ്കിലും 12 മുതല്‍ 18 ശതമാനം വരെ പലിശ ഈടാക്കി. ഇത് ക്രമവിരുദ്ധമാണ്. ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ് ഫോട്ടോയും ഉള്‍പ്പെടെ ഹാജരാക്കേണ്ടതാണ്.
എന്നാല്‍, അതുണ്ടായില്ല. പല തവണ കത്തയച്ചിട്ടും വെള്ളാപ്പള്ളി കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ക്രമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്ന് ബോധ്യമായിട്ടും നടപടിയെടുക്കാതെ 2014ല്‍ അഞ്ചുകോടി രൂപ വീണ്ടും വായ്പയായി നല്‍കി. മോഹന്‍ ശങ്കറും എം.ഡി ബി. ദിലിപ്കുമാറും ചേര്‍ന്നാണ് വായ്പ അനുവദിക്കാന്‍ നീക്കം നടത്തിയത്. തട്ടിപ്പിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തത്തെിയതോടെ കൂടുതല്‍ പരാതികള്‍ ഉയരുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.