സ്പോര്‍ട്സ് കൗണ്‍സില്‍: സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിതേടി

തിരുവനന്തപുരം: സംസ്ഥാന-ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. ഭാരവാഹി പ്രഖ്യാപനത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരുന്നാല്‍ സംസ്ഥാന വനിതാ കായികമേളയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അതിനാല്‍ പ്രത്യേക അനുമതി വേണമെന്നുമാണ് ആവശ്യം. എന്നാല്‍, കമീഷന്‍  ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം, വനിതാകായികമേള പുകമറയാണെന്നും കൗണ്‍സിലുകളിലേക്ക് കൂടുതല്‍ സ്ഥാനം ആവശ്യപ്പെട്ടുള്ള  ലീഗിന്‍െറ സമ്മര്‍ദം മറികടക്കാനും നിലവിലെ കൗണ്‍സില്‍ അംഗങ്ങള്‍ സ്ഥാനം ഉറപ്പിക്കുന്നത് തടയാനുമാണ്  കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് നടത്തുന്ന നീക്കമെന്നാണ് ആക്ഷേപം.
സ്ഥാനങ്ങള്‍ സംബന്ധിച്ച ലീഗിന്‍െറ പിടിവാശിയാണ് പട്ടിക പുറത്തിറക്കാന്‍ തടസ്സമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. സെപ്റ്റംബര്‍ 25ന് മുമ്പ് സംസ്ഥാന^ജില്ലാ കൗണ്‍സിലുകള്‍ പിരിച്ചുവിട്ട് പുതിയ  കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനായിരുന്നു മന്ത്രി തിരുവഞ്ചൂരിന്‍െറ ശ്രമം. എന്നാല്‍, നാല് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനവും ആവശ്യപ്പെട്ട് ലീഗും കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍.എസ്.പിയും രംഗത്തത്തെിയതോടെ പ്രഖ്യാപനം വഴിമുട്ടുകയായിരുന്നു. തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി. മാത്യുവിനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ച് അന്തിമപട്ടിക ഒക്ടോബര്‍ ഒന്നിന് തയാറായെങ്കിലും ലീഗ് ഇത് അംഗീകരിച്ചില്ല. ഇവര്‍ ആവശ്യപ്പെട്ട ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങളും വൈസ് പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസ് വീതം വെച്ചെടുത്തതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
ലീഗ് നോമിനികളില്ലാതെ പട്ടിക പുറത്തിറക്കരുതെന്നും തങ്ങള്‍ക്ക് ഒന്നും നല്‍കാതെ ഇന്നലെ വന്ന ആര്‍.എസ്.പിക്ക് കൊല്ലം പ്രസിഡന്‍റ് സ്ഥാനം നല്‍കുന്നത് അനുവദിക്കില്ളെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം  ഒക്ടോബര്‍ അഞ്ചിന് പട്ടിക പുറത്തിറക്കിയാല്‍ മതിയെന്ന നിലപാടിലായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. എന്നാല്‍, ഒക്ടോബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ കോണ്‍ഗ്രസ്  വെട്ടിലായി. ഇതോടെ പട്ടികയില്‍ മാറ്റം ആവശ്യപ്പെട്ട് ലീഗ് സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് കമീഷന്‍െറ പ്രത്യേക അനുമതിയോടെ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം.
മലപ്പുറത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അന്തരിച്ച ലീഗ് നേതാവ് പി. സീതിഹാജിയുടെ മകന്‍ പി. ഷംസുദ്ദീന്‍െറ പേര് ലീഗ് നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവാണ് ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന് ലീഗ് നേതൃത്വം പറയുന്നു. കോഴിക്കോട്ട് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രഫ.ടി.പി. അഹമ്മദിന്‍െറ പേര് മുന്നോട്ടുവെച്ചെങ്കിലും മുന്‍ ഹാന്‍ഡ്ബാള്‍ താരം  യു.പി.സാബിറയെയാണ് പരിഗണിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂറിനെ സംസ്ഥാന വൈസ് പ്രസിഡന്‍റായി ലീഗ് നിര്‍ദേശിച്ചെങ്കിലും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പദം നോട്ടമിട്ടിരുന്ന ദേശീയ കായികവേദി ജനറല്‍ സെക്രട്ടറി നജ്മുദ്ദീനായി ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.