കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കും -വെള്ളാപ്പള്ളി

അടിമാലി: അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടിമാലിയില്‍ ഞായറാഴ്ച എസ്.എന്‍.ഡി.പി ജില്ലാനേതൃത്വ യോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇടത്^വലത് നേതാക്കളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച വെള്ളാപ്പളി  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ശിഖണ്ഡിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നികൃഷ്ടജീവിയുമാണെന്ന് കളിയാക്കി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍െറ പേരില്‍ തന്നെ ഇടത്^വലത് മുന്നണി നേതൃത്വങ്ങള്‍ സംഘടിതമായി ആക്രമിക്കുകയാണ്. ഭൂരിപക്ഷ സമുദായം ഒന്നായാല്‍ ദോഷമാകുമെന്ന തിരിച്ചറിവാണ്  ഇതിന്‍െറ പിന്നില്‍. സി.പി.എം വിളറിപിടിക്കുന്നത് കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന ഭയത്തിലാണ്.

  ഭൂരിപക്ഷ സമുദായമായ ഈഴവരെ മുന്‍നിരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ രോഷംപൂണ്ടാണ് തനിക്കുനേരെ തിരിയുന്നത്. തന്നെയും സമുദായത്തെയും ആക്രമിക്കുന്നതിന് പിണറായി വിജയന്‍ വി.എസിനെ പോരുകോഴിയായി ഇറക്കിവിട്ടിരിക്കുകയാണ്. മഹാഭാരത യുദ്ധത്തിലെ ആണും പെണ്ണും കെട്ട ശിഖണ്ഡി കണക്കെയാണ് വി.എസ്. 1964 മുതല്‍ വി.എസിന് തന്നോട് അടുപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിലും അല്ലാതെയും വി.എസ് ആവശ്യപ്പെട്ടപ്പോള്‍ സംഭാവനകളും സഹായങ്ങളും നല്‍കിയിരുന്നു. ദേശാഭിമാനി പത്രത്തിന്‍െറ വികസനത്തിനടക്കം വര്‍ഷങ്ങളോളം തന്നില്‍നിന്ന് വന്‍തുക കൈപ്പറ്റിയിട്ടുണ്ട്. വായ്പ വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുമുണ്ട് ^വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവനെ ആണിയടിച്ച് കുരിശില്‍ തറച്ച് അവഹേളിച്ചവര്‍ ശിവഗിരിയിലടക്കം കറിയിറങ്ങി ഭക്തി അഭിനയിക്കുകയാണ്. ഇത് ഈഴവ വോട്ട് ലക്ഷ്യംവെച്ചാണ്.

 കോണ്‍ഗ്രസുകാര്‍ക്കുപോലും വേണ്ടാത്ത നികൃഷ്ട ജീവിയാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കോണ്‍ഗ്രസുകാരെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്.ആലപ്പുഴയില്‍ മത്സരിച്ചപ്പോഴൊക്കെ  സഹായം സുധീരന്‍ സ്വീകരിച്ചിരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.  ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈഴവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ ചിഹ്നത്തില്‍തന്നെ മത്സരിക്കാം. അല്ലാത്തവര്‍ സ്വതന്ത്രരായി മത്സരിക്കണം. മുന്നാക്ക സമുദായങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തില്‍ വാഹനപ്രചാരണ ജാഥ നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

നിയമസഭയില്‍ എസ്.എന്‍.ഡി.പി  പ്രതിനിധികളുണ്ടാകും ^തുഷാര്‍ വെള്ളാപ്പള്ളി
പനങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ  പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാകുമെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്‍റ് കുമ്പളം മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികനീതിക്കുവേണ്ടി യോജിക്കാവുന്നവരൊക്കെ ചേര്‍ന്നുണ്ടാക്കുന്ന വലിയകൂട്ടായ്മ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍െറ പുതിയ ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സേവ് കേരള, ബില്‍ഡ് കേരള’ മുദ്രാവാക്യവുമായി ഡിസംബറില്‍ എസ്.എന്‍.ഡി.പി തിരുവനന്തപുരത്തേക്ക് റാലി നടത്തും. 100 രൂപ പൊതുഖജനാവില്‍നിന്ന് വിതരണം ചെയ്യുമ്പോള്‍ 33 രൂപ ലഭിക്കാന്‍ അവകാശപ്പെട്ട സമുദായത്തെ ഒരു പൈസപോലും അര്‍ഹതപ്പെട്ടത് നല്‍കാതെ കാലമിത്രയും ഇരുമുന്നണിയും വഞ്ചിക്കുകയായിരുന്നു ^അദ്ദേഹം പറഞ്ഞു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.