ഇന്‍േറണല്‍ മാര്‍ക്കിന്‍െറ മറവില്‍ ‘പെണ്‍വേട്ട’യെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കാമ്പസുകളില്‍ ഇന്‍േറണല്‍ മാര്‍ക്കിന്‍െറ പേരില്‍ പെണ്‍കുട്ടികള്‍ക്കുനേരെ വ്യാപക പീഡനം നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കാമ്പസുകളിലെ ലിംഗനീതി സംബന്ധിച്ച് ഡോ. മീനാക്ഷി ഗോപിനാഥ് അധ്യക്ഷയും എം.ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍ കണ്‍വീനറുമായ സമിതിയെയാണ് നിയോഗിച്ചിരുന്നത്.
അധ്യാപകര്‍ക്കെതിരായ പരാതികള്‍ ഇല്ലാതാക്കാന്‍ ഇന്‍േറണല്‍ മാര്‍ക്ക് സ്ഥിരം ഉപകരണമാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൈഡുമാരില്‍ നിന്ന് വനിതാഗവേഷകര്‍ക്കുനേരെയുള്ള പീഡനം ക്രമാതീതമായി വര്‍ധിച്ചു. കാമ്പസുകളില്‍ തുറന്ന് പെരുമാറുന്ന കുട്ടികള്‍ക്ക് പിഴ ചുമത്തിയും കുറഞ്ഞ ഇന്‍േറണല്‍ മാര്‍ക്ക് നല്‍കിയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത് സ്വകാര്യ കോളജുകളിലാണ്. പൊതുഇടങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ പെണ്‍കുട്ടികളെ ലേഡീസ് റൂമില്‍ തളച്ചിടാന്‍ നിര്‍ബന്ധിതരാക്കുന്നു. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് അതുവഴിയുള്ള ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതും പല സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്നു. മൊബൈല്‍ഫോണ്‍  ഉപയോഗിച്ചാല്‍ പിഴ നല്‍കേണ്ട അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ കാരണം വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന വിദ്യാര്‍ഥിനികളുമുണ്ട്.
കാമ്പസുകളിലെ ലൈംഗിക അതിക്രമം സംബന്ധിച്ച് നിശ്ചിത സമയങ്ങളില്‍ റിപ്പോര്‍ട്ട് വാങ്ങി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നു.
സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വനിതകളുടെ നിയമനം ഉറപ്പുവരുത്തണം. കാമ്പസുകളില്‍ ആണ്‍, പെണ്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന നടപടികള്‍ നിരുത്സാഹപ്പെടുത്തണം. ഹോസ്റ്റലുകളിലെ  അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം. ഇന്‍േറണല്‍ മാര്‍ക്കിന്‍െറ പേരില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പീഡനം തടയാന്‍ നടപടികള്‍ വേണമെന്നും ശിപാര്‍ശയുണ്ട്.
റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍ എന്നിവര്‍ക്ക് കൈമാറി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാറിന് കൈമാറും. എ.ഡി.ജി.പി ആര്‍. ശ്രീലേഖ, വനിതാ കമീഷന്‍ അംഗം കെ.സി. റോസക്കുട്ടി, പൊന്നാനി എം.ഇ.എസ് കോളജ് അസി. പ്രഫസര്‍ വി.യു. അമീറ, കാലടി സര്‍വകലാശാല അസോ. പ്രഫ. ഡോ.കെ.എം. ഷീബ, കുസാറ്റ് സെന്‍റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. മീരാഭായ്, ടി. പാര്‍വതി, സജിത ആര്‍. ശങ്കര്‍, അഡ്വ. ജയദീപ് ജി. നായര്‍, വിദ്യാര്‍ഥി പ്രതിനിധികളായ അഡ്വ. ഫാത്തിമ തഹാലിയ, സ്റ്റിന്നി ജോണ്‍ (തൃശൂര്‍ ഗവ. ലോ കോളജ്) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.