പത്രപ്രവര്‍ത്തകക്കെതിരായ ഭീഷണി: കെ.യു.ഡബ്ള്യു.ജെ പ്രതിഷേധിച്ചു


തിരുവനന്തപുരം: എഴുത്തിനും വായനക്കും അധമമനസ്സുകളുടെ അനുമതി തേടേണ്ട ദുരവസ്ഥയാണ് പ്രബുദ്ധകേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും നേരിട്ടിരിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും പ്രസ്താവനയില്‍ പറഞ്ഞു. കോഴിക്കോട്ടെ വനിതാ പത്രപ്രവര്‍ത്തകയായ വി.പി. റജീന സ്വന്തം ഫേസ്ബുക് പേജിലെഴുതിയ ആത്മകഥാനുഭവങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീഷണികള്‍ സര്‍ഗാത്മകതക്കെതിരായ അസഹിഷ്ണുതയുടെ കൊലവിളിയാണ്. റജീന എഴുതിയ ആത്മാംശ രചന ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നതല്ല. തമിഴ്നാട്ടില്‍ പെരുമാള്‍ മുരുകനും കര്‍ണാടകയില്‍ പ്രഫ. കല്‍ബുര്‍ഗിയും നേരിട്ട ദുരന്തത്തിലേക്ക് മലയാളി എഴുത്തുകാരും ഇരകളാക്കപ്പെടാന്‍ തുടങ്ങിയതിന്‍െറ ഉദാഹരണമായിരുന്നു തൃശൂരിലെ കോളജ് അധ്യാപികയുടെ അനുഭവം. റജീനയുടെ അനുഭവം ഇതിന്‍െറ തുടര്‍ച്ചയാണ്. അസഭ്യവും കൊലവിളിയും നടത്തുന്നതിനെതിരെ കേസെടുക്കാനും സാമൂഹികവിരുദ്ധരെ പിടികൂടാനും നിയമപാലകര്‍ തയാറാകണം -പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.