നെല്ലിയാമ്പതി തേയിലക്കമ്പനി: ഗവര്‍ണറുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന് പൊലീസ്

കൊച്ചി: നെല്ലിയാമ്പതി ടീ ആന്‍ഡ് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡ് ഗവര്‍ണറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് പൊലീസ് ഹൈകോടതിയില്‍. 1961ല്‍ ഗവര്‍ണര്‍ പാട്ടത്തിന് നല്‍കിയതാണെന്ന് കമ്പനി അവകാശപ്പെടുന്ന രേഖ വ്യാജമാണെന്നും കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ഇത് കൂടി കണക്കിലെടുത്താണെന്നും പാലക്കാട് പടഗിരി പൊലീസ് സ്റ്റേഷന്‍ എസ്. ഐ യു. രാജീവ് കുമാര്‍ റവന്യൂ സ്പെഷല്‍ ഗവ. പ്ളീഡര്‍ ആര്‍. സുശീല ഭട്ട് മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
നെല്ലിയാമ്പതിയിലെ 619 ഏക്കറോളം വരുന്ന അബാന്‍ഡന്‍ഡ് വിക്ടോറിയ എസ്റ്റേറ്റ് വ്യാജ രേഖകള്‍ ചമച്ച് അന്യായമായി കൈയേറിയെന്ന പേരില്‍ പടഗിരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന കമ്പനിയുടെ ഹരജിയിലാണ് വിശദീകരണം.
കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍െറയും കേരള ഭൂ സംരക്ഷണ നിയമത്തിന്‍െറയും അടിസ്ഥാനത്തില്‍ കേസെടുത്തതായി സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യാജ ആധാരങ്ങളും റവന്യൂ രേഖകളും ചമച്ചതിനാണ് ക്രിമിനല്‍ കേസ് എടുത്തത്. ഈ രേഖകള്‍ ഉപയോഗിച്ചാണ് നിക്ഷിപ്ത വനം അടക്കമുള്ള സര്‍ക്കാര്‍ ഭൂമി കമ്പനി കൈക്കലാക്കിയത്. ഗവര്‍ണറെകൂടി കക്ഷിയാക്കിയ സ്ഥലം കൈമാറ്റ രേഖ വ്യാജമായി സൃഷ്ടിച്ചതാണ്. ഇതിന്‍െറ പകര്‍പ്പ് മാത്രമാണ് ഹരജിക്കാരുടെ കൈവശം കണ്ടത്തെിയത്. രജിസ്റ്റര്‍ ചെയ്ത തീയതിയും സ്റ്റാമ്പ് പേപ്പറിന്‍െറ സാധുത സംബന്ധിച്ച കാലയളവും തമ്മില്‍ വ്യത്യാസമുണ്ട്. വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരാറുകള്‍ക്ക് ജന്മനാ തന്നെ സാധുതയില്ല. ഗവര്‍ണര്‍ക്ക് വേണ്ടി ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ 1961ല്‍ ഭൂമി കൈമാറിയെന്നാണ് കരാറുള്ളത്. ഇതേ ഭൂമി ഇപ്പോള്‍ എ.വി.ടി ഗ്രൂപ്പിന്‍െറ കൈവശമാണ്. ഈ കരാര്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ സ്വാതന്ത്ര്യ ശേഷമുള്ള അവകാശി സര്‍ക്കാറാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അന്യായമായി കൈമാറ്റം ചെയ്യാനാവില്ല. വ്യാജരേഖ ചമക്കല്‍, സര്‍ക്കാര്‍ ഭൂമിയുടെ കൈയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് കേസെടുത്തിരിക്കുന്നതെന്നും ഇത് റദ്ദാക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കേസില്‍ പ്രതികളായ നെല്ലിയാമ്പതി ടീ ആന്‍ഡ് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡ് കമ്പനി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞ് നേരത്തെ ഉത്തരവിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.