മാന്‍ഹോളില്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളും രക്ഷിക്കാന്‍ ശ്രമിച്ചയാളും മരിച്ചു

കോഴിക്കോട്: അഴുക്കുചാലിന്‍െറ മാന്‍ഹോള്‍ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ  രണ്ടു തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ ഓട്ടോഡ്രൈവറും ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് പാളയത്തിനടുത്ത് കണ്ടംകുളം ക്രോസ്റോഡില്‍ ജയ ഓഡിറ്റോറിയത്തിനു മുന്നിലെ സ്വീവേജ് പദ്ധതിയുടെ മാന്‍ഹോളില്‍  രാവിലെ 11ഓടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം. ആന്ധ്ര  വെസ്റ്റ് ഗോദാവരി സ്വദേശികളായ നരസിംഹം (41), ഭാസ്കര്‍ (42) എന്നിവരും ഓട്ടോഡ്രൈവറായ കോഴിക്കോട് കരുവിശ്ശേരി മേപ്പക്കുടി നൗഷാദും (33) ആണ്  മരിച്ചത്. 

ആദ്യം കുഴിയിലിറങ്ങിയത് നരസിംഹമായിരുന്നു. ഉടന്‍ ബോധരഹിതനായി ഏഴ് മീറ്റര്‍ ആഴമുള്ള കുഴിയിലേക്ക് വീണു. തൊട്ടുപിന്നാലെ ഇറങ്ങിയ ഭാസ്കറും ബോധമറ്റുവീണു. ഇവരെ രക്ഷിക്കാന്‍ ഓടിയത്തെി കുഴിയിലിറങ്ങിയ നൗഷാദും അപകടത്തില്‍പെടുകയായിരുന്നു.
ഭൂഗര്‍ഭ അഴുക്കുചാലിലെ വിഷവാതകം ശ്വസിച്ചാണ് മൂവരും കുഴഞ്ഞുവീണത്. അഴുക്കുചാലില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ മലിനജലമുണ്ടായിരുന്നു. പരിസരത്തെ കച്ചവടസ്ഥാപനങ്ങളിലുള്ളവരും തൊഴിലാളികളും ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഴിയിലേക്ക് ആഴ്ന്നുപോയവരെ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തി ഉടന്‍ നരസിംഹത്തെയും ഭാസ്കറിനെയും പുറത്തെടുത്തു. അരമണിക്കൂര്‍ സാഹസികമായി നടത്തിയ തിരച്ചിലിലാണ്  നൗഷാദിന്‍െറ മൃതദേഹം പുറത്തെടുക്കാനായത്. യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വിഷവാതകമുള്ള അഴുക്കുചാലില്‍ ഇറങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം സുരക്ഷ നോക്കാതെ നൗഷാദ് കുഴിയിലിറങ്ങുകയായിരുന്നു.
കോര്‍പറേഷന്‍െറ സുസ്ഥിര നഗരവികസനപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്വീവേജ് പദ്ധതിയുടെ അഴുക്കുചാലിലായിരുന്നു അറ്റകുറ്റപ്പണി. തമിഴ്നാട്ടിലെ ശ്രീരാം ഇ.ടി.സി കമ്പനിയാണ് പദ്ധതി പ്രവൃത്തി എടുക്കുന്നത്. നഗരത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം കൂറ്റന്‍പൈപ്പിലൂടെ  ഒഴുക്കി എരഞ്ഞിപ്പാലം ബൈപാസിനരികെ സരോവരത്തെ പ്ളാന്‍റില്‍ കൊണ്ടുവന്ന് സംസ്കരിക്കുന്നതാണ് സ്വീവേജ് പദ്ധതി. ഭൂഗര്‍ഭഅറ സ്ഥാപിച്ചാണ് പൈപ്പ്ലൈന്‍ സ്ഥാപിച്ചത്. സുരക്ഷാമാനദണ്ഡം പാലിക്കാതെ തൊഴിലാളികളെ മാന്‍ഹോളിലിറക്കിയ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. നൗഷാദിന്‍െറ പിതാവ് സിദ്ദീഖ് സൗദിയിലാണ്. മാതാവ്: അസ്മാബീവി. ഭാര്യ: സഫീന (എരഞ്ഞിക്കല്‍). മൃതദേഹം മെഡി. കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
നൗഷാദിന്‍െറ മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കക്കോടി മഹല്ല് ജുമുഅത്ത് പള്ളിയില്‍. നരസിംഹത്തിന്‍െറയും ഭാസ്കറിന്‍െറയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍നിന്ന് പുറപ്പെട്ട ബന്ധുക്കള്‍ എത്തിയശേഷം കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

Full View
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.